കൊച്ചി: പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര 2021 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 264 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം രണ്ടാം പാദത്തിലെ 130 കോടിയെക്കാൾ 103 ശതമാനം വളർച്ച.

അറ്റ പലിശ വരുമാനം 34 ശതമാനം വർധിച്ച് 1,500 കോടി രൂപയിലെത്തിയതാണ് ഉയർന്ന ലാഭത്തിന് സഹായിച്ചതെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ, മലയാളിയായ എ.എസ്. രാജീവ് പറഞ്ഞു.

ഫീസ് അധിഷ്ഠിത വരുമാനം, ട്രഷറി വരുമാനം, മറ്റ് വരുമാനം എന്നിവ അടങ്ങുന്ന പലിശരഹിത വരുമാനം 23 ശതമാനം വർധിച്ച് 493 കോടി രൂപയായി. നിലവിലെ അറ്റപലിശ മാർജിനായ 3.27 ശതമാനം കഴിഞ്ഞ നാല്-അഞ്ച് വർഷത്തെ ഏറ്റവും ഉയർന്നതാണെന്നും രാജീവ് വ്യക്തമാക്കി.

പ്രവർത്തനച്ചെലവ് ഏകദേശം 22 ശതമാനം വർധിച്ച് 932 കോടി രൂപയായി. കുടുംബ പെൻഷൻ വർധിപ്പിച്ചതിനാലുള്ള 217.70 കോടി രൂപയുടെ അധിക ബാധ്യത ഇതിൽ ഉൾപ്പെടുന്നു. ആർ.ബി.ഐ.യുടെ കോവിഡ്-19 അനുബന്ധ പുനരുദ്ധാരണ പദ്ധതികൾപ്രകാരം 4.55 കോടി രൂപ എഴുതിത്തള്ളിയതോടെ വായ്പാനഷ്ടം 583 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്ത നിഷ്‌ക്രിയ ആസ്തി 618 കോടി രൂപ കുറഞ്ഞ് 6,403 കോടി രൂപയായി.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ 14-16 ശതമാനം വരെ വായ്പാ വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു. ബാങ്കിന്റെ മൊത്തം ബിസിനസ് 13.27 ശതമാനം വർധിച്ച് 2,96,808 കോടി രൂപയായി. നിക്ഷേപങ്ങൾ 1,81,572 കോടിയും വായ്പ 1,15,235 കോടി രൂപയുമായി ഉയർന്നു.