: ഏത് ബൈക്ക് പ്രേമികളുടെയും ആവേശമാണ് ആ കുടു കുടു ശബ്ദം... റോയൽ എൻഫീൽഡിന്റെ ഏതൊരു വണ്ടിയും അത്രമേൽ നെഞ്ചോടു ചേർക്കുന്നതും അതുകൊണ്ടുതന്നെ. ബുള്ളറ്റ് മുതൽ ഇങ്ങ് ക്രൂസർ ബൈക്ക് ‘തണ്ടർബേഡ്’ വരെയെത്തി നിൽക്കുകയാണ് ആ ഇഷ്ടം. പച്ച പെയിന്റടിച്ച പട്ടാളവണ്ടികളായിരുന്നു ഒരുകാലത്ത് ബുള്ളറ്റ്. നാട്ടിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രം കിട്ടിയ സൗഭാഗ്യം. പിന്നീടത് യൂത്തൻമാരുടെ ഐക്കണായി മാറി. റോഡിൽ മുഴുവൻ എൻഫീൽഡുകാരുടെ പൂരമായി. എന്നാൽ, മത്സരം ചൂടുപിടിക്കുമ്പോൾ പുതിയ എതിരാളികളെത്തുന്നത് സ്വാഭാവികം. അപ്പോൾ കളിമാറ്റിയില്ലെങ്കിൽ കച്ചവടത്തിൽ ബുദ്ധിമുട്ടേറും.
നീണ്ട യാത്രകളെ മലയാളികൾ പ്രണയിച്ചുതുടങ്ങിയതോടെയാണ് ക്രൂസർ ബൈക്കുകളേയും ഒപ്പം ചേർത്തത്. തണ്ടർബേഡ് അടക്കമുള്ളവ അങ്ങനെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോഴിതാ റോയൽ എൻഫീൽഡ് കുടുംബത്തിൽനിന്ന് എല്ലാം തികഞ്ഞ മറ്റൊരു ക്രൂസർ... ‘മെറ്റിയോർ’.
മൂന്ന് വകഭേദങ്ങളാണ് മെറ്റിയോറിൽ വരുന്നത്. അതിൽ ഫയർബാളാണ് ഡ്രൈവിന് ലഭിച്ചത്. രണ്ടുമൂന്നു ദിവസം കൊണ്ടുനടന്നപ്പോൾത്തന്നെ മനസ്സിനങ്ങു ബോധിച്ചു. മറ്റു മോട്ടോർസൈക്കിളുകളുടെ പരാധീനതകൾ പൂർണമായും മായ്ച്ചുകളയാൻ മെറ്റിയോറിനായിട്ടുണ്ട്.
രൂപം
തണ്ടർബേഡ് എക്സിനെയാണ് ഒറ്റനോട്ടത്തിൽ മെറ്റിയോർ ഫയർബാൾ ഓർമിപ്പിക്കുക, പ്രത്യേകിച്ച് വശങ്ങളിൽ നിന്നുള്ള കാഴ്ച. താഴ്ന്നും വീതികൂടിയുമുള്ള സീറ്റുകളും താഴ്ന്നുകിടക്കുന്ന സൈലൻസറുമെല്ലാം കറുപ്പിൽ കുളിച്ചിരിക്കുന്നു. കറുപ്പിനഴകായി വലിയ മഞ്ഞനിറത്തിലുള്ള ടാങ്ക്. 19 ഇഞ്ചിന്റെ വലിയ കറുത്ത അലോയ് വീലുകളിലും മഞ്ഞവര എടുത്തുനിൽക്കുന്നു. വലിയ ഹാൻഡിൽബാർ, താഴ്ന്നിറങ്ങിയ പിന്നിലെ മഡ്ഗാർഡ്, അതിൽ വട്ടത്തിലുള്ള ചെറിയ ടെയിൽ ലാമ്പ്. അതിന് താഴെയായാണ് നമ്പർപ്ളേറ്റ്.
യാത്രകൾ അതിമധുരം
ദീർഘദൂര യാത്രകൾ ഒന്നുകൂടി സുഖപ്രദമാക്കാൻ ഉതകുന്നതാണ് വലിയ ഹാൻഡിൽ ബാർ. വേഗം 100-ൽ എത്തുമ്പോഴും വിറയലില്ല. കൈകൾക്ക് കൂടുതൽ ആയാസരഹിതമാണ്. ട്വിൻ സീറ്റുകളും ഷേപ്പ് മാറിയിട്ടുണ്ട്. റൈഡർ സീറ്റിന് കൂടുതൽ വീതിയേറി അൽപ്പം താഴ്ന്നു. പിന്നിലെ സീറ്റിനും വീതികൂടി. അതിനാൽ പിൻയാത്രക്കാരനും നീണ്ട യാത്രകൾ ദുരിതമാവില്ല. മറ്റൊരു പ്രത്യേകത എൻജിനിൽ നിന്നുള്ള ചൂട് തീരെ ബാധിക്കുന്നില്ല എന്നതാണ്. പുതിയ എൻജിന്റെ ഗുണംകൂടിയായിരിക്കാമിത്.
സസ്പെൻഷനുകളുടെ ഗുണനിലവാരവും വർധിച്ചതായി റൈഡിൽ മനസ്സിലായി. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ആവശ്യത്തിന് വെളിച്ചം തരുന്നുണ്ട്. ഹാലൊജനും എൽ.ഇ.ഡി.യുമാണ് ഹെഡ്‌ലൈറ്റിൽ. ടെയിൽ ലൈറ്റും ഇത്തവണ മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. പരമ്പരാഗത രൂപത്തിൽ നിന്ന് വൃത്താകൃതിയിലുള്ള എൽ.ഇ.ഡി.യായി മാറി. പിന്നിലെ ഈ കാഴ്ചയാണ് മെറ്റിയോറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന്.
നഗരയാത്രകളിലും ദീർഘയാത്രകളിലും ആവശ്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്നുണ്ട് മെറ്റിയോർ. 1,400 മില്ലിമീറ്ററാണ് ഇതിന്റെ വീൽബേസ്. എന്നാൽ, സീറ്റുകളുടെ ഉയരം 765 മില്ലിമീറ്ററായത് ഇരിപ്പ് കൂടുതൽ സുഖമാക്കുന്നു.
മെറ്റിയോറിനായി പുതിയ എൻജിനും എൻഫീൽഡ് തയ്യാറാക്കിയിരുന്നു. ഫ്രെയിമിലും മാറ്റംവരുത്തി. ജെ ശ്രേണിയിലുള്ള എയർ-ഓയിൽ കൂൾഡ് 349 സി.സി. എസ്.ഒ. എച്ച്.സി. എൻജിനാണ് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഒരുമിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ടോർക്കിലും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. കുറഞ്ഞ ഗിയറിൽ നാൽപ്പതിനുള്ളിലായാലും എൺപതിനു മുകളിലായാലും വണ്ടിക്ക് ഒരു കുലുക്കവുമുണ്ടാകുന്നില്ല. പെട്ടെന്നുള്ള വേഗമെടുക്കുന്നതിനും മെറ്റിയോർ പതുങ്ങുന്നില്ലെന്നതുതന്നെ യാത്രകളുടെ ഫീൽ കുറയ്ക്കില്ല.
ടെലിസ്കോപ്പിക് 41 മില്ലിമീറ്ററുള്ള ടെലിസ്കോപ്പിക് സസ്പെൻഷനാണ് മുന്നിൽ. പിന്നിലാകട്ടെ ആറു തരത്തിൽ ക്രമീകരിക്കാവുന്ന ട്വിൻട്യൂബ് എമൽഷൻ ഷോക്ക് അബ്സോർബറുകളാണ്. ഡ്യുവൽ ചാനൽ എ.ബി.എസ്. ഇരുചക്രങ്ങളിലും നൽകിയിട്ടുണ്ട്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് ടയറുകൾ. കണക്ടഡ് ഫീച്ചറുകളും മെറ്റിയോറിലൂടെ ആദ്യമായി എൻഫീൽഡിലേക്ക് കടന്നുവരികയാണ്.
ട്രിപ്പർ നാവിഗേഷൻ സിസ്റ്റമാണ് ഇതിൽ ഉൾപ്പെടുത്തിയത്. അനലോഗ് സ്പീഡോമീറ്ററിൽ നിന്ന് ടി.എഫ്.ടി.യിലേക്ക് മാറി. രാത്രികളിൽ കൂടുതൽ തെളിച്ചത്തിൽ ഡിസ്‌പ്ലേ കാണാം. ഗിയർ പൊസിഷൻ, ബാക്കിയുള്ള ഇന്ധനം എന്നിങ്ങനെയുള്ളവ ഇതിൽ പ്രദർശിപ്പിക്കപ്പെടും.
തൊട്ടടുത്തുള്ള ചെറിയ മീറ്ററിലാണ് ട്രിപ്പർ നാവിഗേഷൻ സിസ്റ്റം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. റോയൽ എൻഫീൽഡ് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ബ്ലൂടൂത്തുവഴി കണക്ട് ചെയ്യാം. ആരുടെയും നെഞ്ചിടിപ്പേറ്റുന്ന ശബ്ദമാണ് മെറ്റിയോറിന്റെ പ്രത്യേകത.
37 കിലോമീറ്ററാണ് കമ്പനി പറയുന്ന ഏകദേശ മൈലേജ്. 1,77,123 രൂപ മുതൽ 1,91,929 രൂപ വരെയാണ് മെറ്റിയോറിന്റെ എക്സ്ഷോറൂം വില.
SPECIFICATIONS
Engine Type Single-Cylinder, 4 Stroke,
Air-Oil Cooled Engine
Max Power 20.4 PS @ 6100 rpm
Torque 27 Nm @ 4000 rpm
Capacity 15 L
Gear Box 5 Speed