മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എൻ.എ.ബി.എൽ. അംഗീകാരമുള്ള കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാ ലാബ് മണ്ണാർക്കാട്ട് പ്രവർത്തനമാരംഭിച്ചു. സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യസംരംഭമാണിത്. മന്ത്രി വി.എൻ. വാസൻ ഓൺലൈനായി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനായി. പുതിയ ലാബിന്റെ ശിലാഫലക അനാച്ഛാദനം മുൻ എം.എൽ.എ. പി.കെ. ശശി നിർവഹിച്ചു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്‌ട്രാർ പി.ബി. നൂഹ്‌ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, തെങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി എന്നിവർ മുഖ്യാതിഥികളായി.

ജില്ലയിലെ മുഴുവൻ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനയും നടത്താനുള്ള ശേഷി റൂറൽ ബാങ്കിന്റെ നീതി ലാബിനുണ്ട്. പരിശോധനയ്ക്കുവേണ്ട ഉപകരണങ്ങൾ ഉൾപ്പെടെ 31 ലക്ഷത്തോളം ചെലവിട്ടാണ് സ്ഥാപിച്ചത്. റൂറൽ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഇ.കെ. നായനാർ മെമ്മോറിയൽ നീതി മെഡിക്കൽ സെന്ററിനോട് ചേർന്നാണ് ലാബ് പ്രവർത്തിക്കുന്നത്. എൻ.എ.ബി.എൽ. അംഗീകാരത്തിനോടൊപ്പം ഐ.സി.എം.ആറിന്റെയും ഡി.എച്ച്.എസ്. കേരളയുടെയും അംഗീകാരം നീതി ലാബിന് ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ബാങ്ക് നടപ്പാക്കുന്ന വിദ്യാതരംഗിണി വായ്പാവിതരണം സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ എം. ശബരീദാസൻ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ, വൈസ്‌പ്രസിഡന്റ് രമ സുകുമാരൻ, ഡോ. കെ.എ. കമ്മാപ്പ, ഡോ. പി.ക്യു. ഷഹാബുദ്ദീൻ, ഡോ. പമീലി, യു.ടി. രാമകൃഷ്ണൻ, അരുൺകുമാർ പാലക്കുറിശ്ശി, ഷാജി മുല്ലപ്പള്ളി, പി. ഹരിപ്രസാദ്, കെ.ജി. സാബു, പി.ആർ. സുരേഷ്, പാലോട് മണികണ്ഠൻ, സലാം, ബി. മനോജ് തുടങ്ങിയവർ സംസാരിച്ചു.