കൊച്ചി: ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കി കുതിച്ചു പായുമ്പോൾ ചങ്കിടിപ്പാണ് വിപണിയെ അറിയുന്നവർക്കെല്ലാം. കോവിഡും ലോക്ഡൗണുമൊക്കെ ഉയർത്തിയ പ്രതിസന്ധിക്കിടയിലാണ് ഓഹരി സൂചികയായ സെൻസെക്സ് റെക്കോഡുകൾ ഭേദിച്ച് വ്യാഴാഴ്ച 50,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 2008-ലെ മുന്നേറ്റവുമായി സാമ്യമുണ്ട് ഈ മുന്നേറ്റത്തിനും.

2007-ൽ തന്നെ അമേരിക്കയിലെ വായ്പ പ്രതിസന്ധിയെക്കുറിച്ചും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും സൂചനകളുണ്ടായിരുന്നെങ്കിലും സെൻസെക്സ് പുതിയ ഉയരങ്ങൾ തേടിയുള്ള കുതിപ്പിലായിരുന്നു. 2007 ഡിസംബറിൽ 20,000 ഭേദിച്ച സെൻസെക്സ് 2008 ജനുവരി 10-ന് 21,010.70 പോയിന്റിലെത്തി റെക്കോഡിട്ടു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വിപണി തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ മാറിയതോടെയാണ് വിപണി തിരിച്ചുകയറിയത്. വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറി. ഇതിനിടെയാണ് കോവിഡ് ഉയർത്തിയ ആശങ്കയിൽ 2020 മാർച്ചിൽ വിപണി വൻതോതിൽ തകർന്നടിഞ്ഞത്. ഒരവസരത്തിൽ 25,638.90 വരെ വീണ സൂചിക പക്ഷേ, പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ തിരിച്ചുകയറുകയായിരുന്നു. വിപണിയിൽ പണലഭ്യത കൂടി നിന്നതാണ് പെട്ടെന്നുള്ള തിരിച്ചുകയറ്റത്തിന് സഹായിച്ചത്. ഇന്ത്യ മാത്രമല്ല, യു.എസ്. ഉൾപ്പെടെയുള്ള പ്രധാന വിപണികളെല്ലാം വേഗത്തിൽ തന്നെ തിരിച്ചുകയറുകയായിരുന്നു. കോവിഡ് വാക്‌സിൻ എത്തിയതോടെ ആ കുതിപ്പിന് വേഗം കൂടി.

കോവിഡ് പ്രതിസന്ധികൾക്കു പുറമെ യു.എസ്. തിരഞ്ഞെടുപ്പിനും ഈ കാലയളവിൽ വിപണി സാക്ഷ്യം വഹിച്ചു. കഴിഞ്ഞയാഴ്ച താഴേക്കു പോയ വിപണി വീണ്ടും ശരവേഗത്തിൽ തിരിച്ചുകയറിയാണ് 50,000 തൊട്ടത്. ഇന്ത്യയിലെ കേന്ദ്ര ബജറ്റ്, യു.എസിന്റെ പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ എന്നിവയാണ് വിപണിയിൽ ഇനി സ്വാധീനിക്കുന്നത്. എന്നാൽ, ബജറ്റ് പ്രതീക്ഷകളുടെ അടിസ്ഥാനത്തിൽ വിപണി ഇതിനോടകം പുതിയ ഉയരം കുറിച്ചതിനാൽ ഇനിയുള്ള നീക്കം നിർണായകമാകും.