കൊച്ചി: ലോക ബാങ്കിനു കീഴിലുള്ള നിക്ഷേപക സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) ഇന്ത്യയിലെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന് 15 കോടി ഡോളറിന്റെ വായ്പാ നിക്ഷേപമൊരുക്കുന്നു. ഏതാണ്ട് 1,130 കോടി രൂപ വരുമിത്. അഞ്ചു വർഷമാണ് കാലാവധി.

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും വനിതാ സംരംഭങ്ങൾക്കും വായ്പ ലഭ്യമാക്കാനാണ് ഈ തുക ബജാജ് ഫിനാൻസ് വിനിയോഗിക്കുക. പ്രമുഖ വ്യവസായ ഗ്രൂപ്പായ ബജാജ് ഗ്രൂപ്പിനു കീഴിലുള്ള എൻ.ബി.എഫ്.സി.യാണ് പുണെ ആസ്ഥാനമായുള്ള ബജാജ് ഫിനാൻസ്.

മലയാളിയായ സാം സന്തോഷിന്റെ നേതൃത്വത്തിലുള്ള ജെനോമിക്സ് ഗവേഷണ സ്റ്റാർട്ട് അപ്പായ ‘മെഡ്‌ ജെനോമിൽ ഐ.എഫ്.സി.’ ഈയിടെ 123 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.