കൊച്ചി: പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ പുതിയ പ്രീമിയം വരുമാനം കോവിഡ് മഹാമാരിക്കിടയിലും 2020-21 സാമ്പത്തിക വർഷം 1.84 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് റെക്കോഡാണ്. പോളിസികളുടെ എണ്ണത്തിൽ വിപണി വിഹിതം 74.58 ശതമാനമായി ഉയർന്നു. മാർച്ചിലെ മാത്രം കണക്കെടുത്താൽ 81.04 ശതമാനമാണ് വിപണി വിഹിതം.

വ്യക്തിഗത അഷുറൻസ് ബിസിനസിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 56,406 കോടി രൂപയുടെ ആദ്യവർഷ പ്രീമിയം വരുമാനം നേടി, 10.11 ശതമാനം വളർച്ച. 2.10 കോടി പുതിയ പോളിസികളിൽ 46.72 ലക്ഷവും മാർച്ച് മാസത്തിലാണ് നേടിയത്, 298.82 ശതമാനം വളർച്ച.

പെൻഷൻ, ഗ്രൂപ്പ് സ്കീമുകളിൽനിന്നുള്ള പുതിയ ബിസിനസ് പ്രീമിയം വരുമാനം 1.27 ലക്ഷം കോടി രൂപയായി ഉയർന്നു.

3,45,469 പുതിയ ഏജന്റുമാരെ കഴിഞ്ഞ സാമ്പത്തിക വർഷം ചേർത്തു. ഇതോടെ, മൊത്തം ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷം കടന്നെന്ന് എൽ.ഐ.സി. അറിയിച്ചു. ബാങ്കഷ്വറൻസ് മാർഗങ്ങളിലൂടെ 1,862.73 കോടി രൂപയുടെ പ്രീമിയം വരുമാനം നേടി. എസ്.ഐ.ഐ.പി., നിവേഷ് പ്ലസ് എന്നീ പുതിയ പോളിസികൾ അവതരിപ്പിച്ചതോടെ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി (യൂലിപ്) വിഭാഗത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താനായി.

കോവിഡ് മഹാമാരിക്കിടയിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് മെച്യൂരിറ്റി ക്ലെയിം, മണി ബാക്ക് ക്ലെയിം, ആന്വിറ്റി എന്നിവയിലായി 2.19 കോടി ക്ലെയിമുകൾ തീർപ്പാക്കുകയും 1.16 ലക്ഷം കോടി രൂപ ഈയിനത്തിൽ വിതരണം ചെയ്യുകയുമുണ്ടായി. 9.59 ലക്ഷം ഡെത്ത് ക്ലെയിമുകളിലായി 18,137.34 കോടി രൂപ വിതരണം ചെയ്തു.