കൊച്ചി: ഓഗസ്റ്റ് മാസത്തെ ജി.എസ്.ടി.ആർ.-3ബി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിച്ചു. എന്നാൽ, ജി.എസ്.ടി. പോർട്ടലിലെ തടസ്സങ്ങൾ കാരണം മിക്ക വ്യാപാരികൾക്കും റിട്ടേൺ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

റിട്ടേൺ ഓരോ ദിവസം വൈകുന്നതിനും 20-50 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. എന്നാൽ, പോർട്ടലിലെ പ്രശ്നങ്ങൾ കാരണം റിട്ടേൺ വൈകുന്നതിന് നികുതിദായകർ പിഴയടയ്ക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്ന് ടാക്സ് പ്രൊഫഷണലുകളും വ്യാപാരികളും പറയുന്നു.

തിങ്കളാഴ്ച രാവിലെ മുതൽ ജി.എസ്.ടി. പോർട്ടലിൽ പ്രശ്നങ്ങളാണ്. ഒരേസമയം, കൂടുതൽ ആളുകൾ റിട്ടേൺ സമർപ്പിക്കാനായി കയറിയതോടെയാണ് സൈറ്റ് പ്രവർത്തനരഹിതമായത്. എന്നാൽ, ജി.എസ്.ടി. നിലവിൽ വന്നതുമുതൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതു പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണെന്ന് ടാക്സ് പ്രൊഫഷണലുകൾ പറയുന്നു.