കൊച്ചി: കാലാവധിയെത്തിയ പോളിസികളിലെ തുക നൽകുന്നതിനുള്ള നിബന്ധനകൾ ലളിതമാക്കി എൽ.ഐ.സി. ഇനി രാജ്യത്ത് എവിടെയുമുള്ള എൽ.ഐ.സി. ശാഖകൾ വഴി കാലാവധിയെത്തിയ പോളിസികളിലെ തുക ലഭിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാം. നേരത്തെ പോളിസിയെടുത്ത ശാഖയിൽത്തന്നെ രേഖ സമർപ്പിക്കണമായിരുന്നു. കോവിഡ് സാഹചര്യത്തിൽ പോളിസി ഉടമകളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണിതെന്ന് കമ്പനി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 31 വരെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലധികം പോളിസികളാണ് രാജ്യത്ത് എൽ.ഐ.സി.ക്കുള്ളത്.