: ടർബോയുടെ കാലമാണിപ്പോൾ. കരുത്തും ഉശിരും കൂടും. ശക്തിപോരെന്ന പരാതി ഇനിയുണ്ടാവില്ല... പ്രീമിയം ഹാച്ച്ബാക്കിലേക്ക് ടാറ്റ കുടഞ്ഞിട്ട വജ്രായുധമായിരുന്നു ‘അൾട്രോസ്’. കാഴ്ചയിൽ സൗന്ദര്യത്തിടമ്പു തന്നെ. ആദ്യം പെട്രോളും പിന്നെ ഡീസലുമെത്തി. ഒന്നിലും ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ, എതിരാളികൾ ഒരുപടി മുന്നിലേക്കു കടന്ന് ടർബോ കരുത്താർജിക്കുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കാനാവുമോ? അങ്ങനെ വന്നു അൾട്രോസിനും ‘ടർബോ’ ഹൃദയം.

86-ൽ നിന്ന് കരുത്ത് 109 ബി.എച്ച്.പി.യിലേക്ക് കുതിച്ചുയർന്നപ്പോൾ ടോർക്കാകട്ടെ 113 എൻ.എമ്മിൽ നിന്ന് 140-ലേക്കായി. അൾട്രോസ് പുതിയ ഹൃദയവുമായി കുതിച്ചുപായുമ്പോൾ ശരിക്കും കരുത്തേറിയ ഡ്രൈവിങ് ആസ്വദിക്കാൻ കഴിയുന്നുണ്ട്. അൾട്രോസിന്റെ സൗന്ദര്യ വിവരണങ്ങൾ പെട്രോളിലും ഡീസലിലുമൊക്കെ നടത്തിയിട്ടുണ്ട്. അതിനാൽ, ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രൂപം ഒന്നുതന്നെ, ഹൃദയശസ്ത്രക്രിയയേ നടന്നിട്ടുള്ളു.

ശക്തിമാൻ

ആക്സിലറേറ്ററിൽ കാൽ അമർത്തുകയേ വേണ്ടൂ, കുതിപ്പു തുടങ്ങാൻ. ഇതിൽ ഒരു അധിക മോഡുണ്ട്, ’സ്പോർട്ട്‌’. ഇതിലാണ് ഇതെല്ലാം ആവാഹിച്ചു വച്ചിട്ടുള്ളത്. സാദാ അൾട്രോസിൽ ഇക്കോയും സിറ്റിയുമാണെങ്കിൽ ഇതിൽ സിറ്റിയും സ്പോർട്ടുമാണ്. നൂറു കിലോമീറ്റർ എന്ന അക്കം കടക്കാൻ 12 സെക്കൻഡ്‌ വേണ്ടെന്നാണ് കമ്പനിയുടെ സാക്ഷ്യം. സ്പോർട്ട്‌ മോഡിൽ 5,500 ആർ.പി.എം. വരെ എത്തും. ഇരുപത്തഞ്ച് ശതമാനം വരെ ടോർക്കിൽ കുതിപ്പുണ്ട് ഈ മോഡിൽ. നഗര ഡ്രൈവിങ്ങിൽ ഈ മോഡ് അധികം ഉപയോഗിക്കേണ്ട. സിറ്റി മോഡ് തന്നെയാണ് അഭികാമ്യം.

ഇന്ധവില നൂറിലേക്ക് കുതിച്ചുയരുമ്പോൾ മീറ്ററിലെ സൂചി അൽപ്പം താഴ്ത്തിപ്പിടിക്കുന്നതാണ് ഉത്തമം. ഇടയ്ക്കൊന്ന് പിടപ്പിക്കണമെങ്കിൽ സ്പോർട്ടിലേക്കിടാം... കുതിക്കാം. ടെസ്റ്റ് ഡ്രൈവിനിടെ അഞ്ചാം ഗിയറിൽ 100 കടക്കുമ്പോൾ ആർ.പി.എം. 2,300 ആയിരുന്നു. 120-ലേക്ക് കടക്കുന്നത് 2,800 ആർ.പി. എമ്മിലാണ്. ഈ ഘട്ടത്തിലും വണ്ടിക്ക് ഒരു അഹങ്കാരവുമുണ്ടായിരുന്നില്ല. ഉള്ളിലേക്ക് അതിന്റെ അധിക പ്രതീതിയും അനുഭവപ്പെട്ടിരുന്നില്ലെന്നത് ശ്രദ്ധേയമായി, പ്രത്യേകിച്ച് ഒരു ഹാച്ച്ബാക്കിൽ.

ടർബോയിലേക്ക് വരുമ്പോൾ കരുത്ത്‌ കൂട്ടിവരിക എന്നതാണ് ഇതിലെ പ്രധാനഭാഗം. എൻജിനിൽ നിന്നുള്ള കരുത്ത് പൂർണമായും ഊറ്റിയെടുക്കുന്ന സാങ്കേതികവിദ്യ. കൂടുതൽ ഇന്ധനച്ചെലവും നിർമാണച്ചെലവും കാരണം പെട്രോൾ കാറുകളിൽ നിന്ന് അകന്നുനിന്നിരുന്ന ടർബോ, ഇപ്പോൾ ചെറിയ പെട്രോൾ കാറുകളിലേക്കും വരികയാണ്. ഹ്യുണ്ടായും ഫോക്സ്‌വാഗണുമൊക്കെയാണ് ചെറിയ കാറുകളിലേക്ക് ടർബോ കരുത്തെത്തിച്ച മുമ്പൻമാർ.

കാഴ്ച

മറ്റ്‌ അൾട്രോസ് മോഡലിൽ നിന്ന് വ്യത്യസ്ഥമായൊന്നുമില്ല. 90 ഡിഗ്രിയിൽ തുറക്കുന്ന ഡോറുകൾ, ഡ്യൂവൽ ചേംബർ പ്രൊജക്ടർ ഹെഡ് ലാമ്പ്, 16 ഇഞ്ച് ഡ്യൂവൽ ടോൺ ലേസർകട്ട് അലോയ്, പിയാനോ ബ്ലാക്ക് വിങ് മിറർ, വാതിലിൽ ഒതുങ്ങിനിൽക്കുന്ന പിൻഡോർ ഹൻഡിൽ, മസ്‌കുലർ ലൈനുകളുള്ള രൂപകല്പന... എന്നിങ്ങനെ പോകുന്നു സവിശേഷതകൾ. ഹർമൻ കാർഡൻ മ്യൂസിക് സിസ്റ്റവും ഇതിനൊപ്പം വരുന്നുണ്ട്.

വില 7.76 ലക്ഷം രൂപ മുതൽ 8.88 ലക്ഷം വരെ. എ.ആർ.എ.ഐ. കണക്കനുസരിച്ച് 18.13 ആണ് മൈലേജ്. ടർബോയില്ലാത്ത മോഡലിന് 19.05.

Specifications

Engine Type1.2 L Turbo egnine

Displacement 1199cc

Max Power 108.49bhp@5500rpm

Max Torque140Nm@15005500rpm

Boot Space 345 L

Length 3990mm

Width 1755mm

Height 1523mm

Wheel Base 2501mm