നിഫ്റ്റിയിൽ 17,315 എന്ന സപ്പോർട്ടിന് താഴേക്ക് ക്ലോസ് ചെയ്യുന്നത് തിരുത്തൽ തുടങ്ങാനുള്ള സാധ്യതയും 17,400-ന് മുകളിലേക്ക് ക്ലോസ് ചെയ്യുന്നത് 17,616 എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന് വഴിതുറക്കുന്നതുമായിരുന്നു കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ആദ്യ മൂന്നുദിവസം 17,400-ന് മുകളിലേക്ക് ക്ലോസ് ചെയ്യാതെ നിന്ന നിഫ്റ്റി ഒരിക്കൽപ്പോലും 17,315 നഷ്ടപ്പെടുത്തിയില്ല. പിന്നീട്, വൻ കുതിച്ചുകയറ്റം നടത്തി 17,793 വരെയെത്തി റെക്കോഡ് രേഖപ്പെടുത്തിയെങ്കിലും 17,616-ന് താഴേക്ക് വന്നാണ് ആഴ്ച അവസാനം ക്ലോസ് ചെയ്തത്. 17,616 നിലവാരത്തിന്റെ പ്രാധാന്യം ഈ കോളത്തിൽ മുമ്പും സൂചിപ്പിച്ചിരുന്നു. ഇത് ഈ മാസം അവസാനം വരെ ബാധകവുമാണ്.

ഇനി, വരുംദിനങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധാകേന്ദ്രമാവുക എന്ന് ഇനി പരിശോധിക്കാം. വളരെ നിർണായകമായ നിലവാരത്തിലാണ് നാം എത്തിനിൽക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. 17,616-ന് മുകളിൽ തുടർച്ചയായി നിലനിൽക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. അത് സാധിക്കാതെവരുന്നത് വരാനിരിക്കുന്ന വൻ തിരുത്തലിന്റെ ആദ്യ സൂചന കൂടിയായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അടുത്ത രണ്ടാഴ്ച വളരെ നിർണായകവുമാണ്. മറ്റു ചില അപായസൂചനകൾ കാണുന്നതിൽ ഏറ്റവും പ്രധാനം ഡോളർ ഇൻഡക്സ് 93.22-ലേക്ക് ശക്തിപ്രാപിച്ചതാണ്. പ്രധാന സമ്മർദ രേഖ ഇനി മുകളിൽ കാണുന്നത് 94.06-ലാണ്. വരുന്ന ബുധനാഴ്ചത്തെ യു.എസ്. ഫെഡറൽ റിസർവ് യോഗം വളരെ പ്രാധാന്യമുള്ളതാണ്. ഉത്തേജന പാക്കേജ് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള തീയതി പ്രഖ്യാപനം ഉണ്ടായേക്കാമെന്നതും അത് എത്ര നേരത്തെയാവും എന്നതും വിപണി വളരെ പ്രാധാന്യത്തോടെ തന്നെയാണ് നോക്കുന്നത്. കഴിഞ്ഞയാഴ്ച വന്ന യു.എസ്. റീട്ടെയിൽ സെയിൽസ് പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു എന്നതുകൊണ്ടുതന്നെ ‘സ്റ്റിമുലസ് ടാപ്പറിങ്’ നേരത്തേ ഉണ്ടാവുമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്. യു.എസ്. ഡൗ ജോൺസ് സൂചിക 34,451 എന്ന വളരെ പ്രധാനമായ സപ്പോർട്ടിന് തൊട്ടുമുകളിൽ, 34,582-ൽ എത്തിയാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

മുൻപ്‌ സൂചിപ്പിച്ചിരുന്നതുപോലെ ഇപ്പോഴത്തെ വിപണിയുടെ മുന്നേറ്റത്തിന്‌ ഇന്ധനമായിട്ടുള്ളത് ഈ പണമൊഴുക്ക് തന്നെയായിരുന്നു എന്നതിനാൽ അതിന്റെ ഒഴുക്കു നിലയ്ക്കുന്നതും അല്ലെങ്കിൽ കുറയുന്നതുപോലും വളരെ പ്രാധാന്യമുള്ളതാണ്. ഇതിനൊപ്പംതന്നെ പലിശനിരക്കിലുള്ള കുറവും വിപണിയിലേക്കുള്ള പണമൊഴുക്കിന്‌ ആക്കം കൂട്ടിയിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഘടകമാണ്. സാധാരണ പലിശനിരക്കുകൾ താഴ്ന്നുവന്നിട്ടുള്ള അവസരങ്ങളിലൊക്കെത്തന്നെ സാമ്പത്തിക വളർച്ചയും ഉണ്ടായിരുന്നു. അതുകൊണ്ട്, പിന്നീട് പിറകേ വന്നിട്ടുള്ള പണപ്പെരുപ്പത്തെയും അതിനു പിറകേ വന്നിട്ടുള്ള പലിശനിരക്ക് ഉയർത്തലിനെയും ഉൾക്കൊള്ളാൻ വിപണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രധാനമായും കൊറോണയെ നേരിടാനായാണ് പണമൊഴുക്ക് നടത്തിയിട്ടുള്ളത്. അതുകൊണ്ട് പണപ്പെരുപ്പം നേരിടാനുള്ള നീക്കങ്ങളിലും അതിനു ശേഷമുണ്ടാവുന്ന പ്രതികരണങ്ങളിലുമൊക്കെ ഇത്തവണ മാറ്റമുണ്ടാവും. നിക്ഷേപകർ വളരെ അധികം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വിരൽചൂണ്ടുന്നത്. ഇത്തവണത്തെ നീക്കങ്ങളിൽ അതീവ ശ്രദ്ധവേണം എന്നതും ഓർക്കുക.

നിഫ്റ്റി അതിന്റെ ഉയരങ്ങളിൽ എത്തി എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ കണ്ടുതുടങ്ങിയത്. കാഴ്ചക്കാരായി നിന്നിരുന്ന ഐ.ടി.സി., ഭാരതി ടെലി തുടങ്ങിയ ഒാഹരികൾ ഇപ്പോൾ വിപണിയെ മുന്നിൽനിന്ന്‌ നയിക്കാൻ തുടങ്ങിയിരിക്കുന്നത് ഇതിന്റെ ആദ്യ സൂചനയാണ്. ഒപ്പം, വാഹനം, ബാങ്കിങ് ഓഹരികളിൽ കാണുന്ന നീക്കവും, എഴുതിവെച്ചിരുന്ന സ്‌ക്രിപ്റ്റ് അതേപടി നടപ്പാക്കുന്നതായിത്തന്നെയാണ് അനുഭവത്തിൽ കാണുന്നത്. ഇങ്ങനെയൊരു സാധ്യതയാണ് അവസാന നീക്കത്തിൽ ഉണ്ടാവുക എന്നത് മാസങ്ങൾക്ക് മുൻപുതന്നെ ഈ കോളത്തിൽ സൂചിപ്പിച്ചിരുന്നു.

നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ആകെയുള്ള 50 ഓഹരികളിൽ 10 ഓഹരികൾകൊണ്ട് മാത്രം 62 ശതമാനത്തിലധികം വെയ്‌റ്റേജ് എത്തും. അതുകൊണ്ട് നിഫ്റ്റിയെ ഉപയോഗിച്ച് വിപണിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്ന പ്രവണത പണ്ടുമുതൽക്കേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് ചുരുക്കം ഓഹരികളെക്കൊണ്ട് മാത്രം മുന്നേറ്റം പ്രകടമാക്കുന്ന ഇപ്പോഴത്തേതിന് സമാനമായ നീക്കങ്ങളെ ഒരൽപ്പം ശ്രദ്ധയോടെതന്നെ സമീപിക്കണം. പ്രത്യേകിച്ച് ശക്തിക്ഷയം കാണിക്കുന്ന ഓഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ തയ്യാറാവണം.

വരുംദിനങ്ങളിൽ നിഫ്റ്റിയിൽ ശ്രദ്ധിക്കേണ്ട ആദ്യ സപ്പോർട്ട് നിലവാരം 17,460 ആണ്. ഇതിന് താഴേക്ക് വരും ദിനങ്ങളിൽ ക്ലോസ് ചെയ്യാൻ ഇടയായാൽ അത് നിഫ്റ്റിയെ തിരുത്തലിലേക്ക് തള്ളിവിടുന്നതിന്റെ ആദ്യ സൂചനയാണ്. 17,130-17,010-16,780-16,600-16,376 നിലവാരങ്ങളിലേക്ക് ആ തിരുത്തൽ നീളാം.

ഇനി, മുകളിലേക്കുള്ള നീക്കമാണ് തുടരാൻ സാധ്യതയെങ്കിൽ വരുംദിനങ്ങളിൽ നിഫ്റ്റി 17,716-17,741 നിലവാരത്തിലെ സമ്മർദ മേഖലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം. അങ്ങനെയൊരു നീക്കത്തിന് നിഫ്റ്റിക്ക് അടുത്ത ലക്ഷ്യസ്ഥാനമായ 17,811-18,845 നിലവാരത്തിലേക്ക് നിഫ്റ്റിയെ എത്തിക്കാനാവും.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)