കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് കൊച്ചിയിലെ അടിസ്ഥാന നിരക്ക് 739.59 രൂപ. ഇതിന് 841.50 രൂപയാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജി.എസ്.ടി. വിഹിതം അഞ്ച് ശതമാനമാണ്. അതായത്, 2.5 ശതമാനം കേന്ദ്ര ജി.എസ്.ടി.യും (സി.ജി.എസ്.ടി.) 2.5 ശതമാനം സംസ്ഥാന ജി.എസ്.ടി.യും (എസ്.ജി.എസ്.ടി.). വാണിജ്യ ആവശ്യത്തിനായുള്ള സിലിൻഡറിന് കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഒൻപത് ശതമാനം വീതം മൊത്തം 18 ശതമാനം വരും.

ഇതിനു പുറമെ പ്രത്യേക നികുതികളൊന്നും സർക്കാരുകൾ എൽ.പി.ജി. സിലിൻഡറുകൾക്ക് ഈടാക്കുന്നില്ല. അടിസ്ഥാന വിലയോടൊപ്പം ഡീലർ കമ്മിഷനും ജി.എസ്.ടി.യും ചേർത്താണ് റീട്ടെയിൽ വില നിശ്ചയിക്കുന്നത്. ബോട്ടിലിങ് ചാർജും ഡെലിവറി ചാർജും സിലിൻഡർ നിരക്കുമെല്ലാം ചേർന്നതാണ് അടിസ്ഥാന നിരക്ക്.

ഗാർഹിക എൽ.പി.ജി.ക്ക് 61.84 രൂപയാണ് നിലവിൽ ഡീലർ കമ്മിഷൻ. 34.24 രൂപ എസ്റ്റാബ്ലിഷ്‌മെന്റ് ചാർജും 27.60 രൂപ ഡെലിവറി ചാർജും ഉൾപ്പെടെയാണിത്. പാചക വാതക വിലനിലവാരം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

ജൂലായ് ഒന്നിനാണ് ഏറ്റവുമൊടുവിൽ പാചക വാതകത്തിന് വില കൂട്ടിയത്. 14.2 കിലോ ഗാർഹിക സിലിൻഡറിന് 25 രൂപയും 19 കിലോയുടെ വാണിജ്യ ആവശ്യത്തിനുള്ളതിന്‌ 84.50 രൂപയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറിന് 140 രൂപയോളമാണ് വില കൂടിയത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണകളിലായി 100 രൂപ വർധിച്ചു.

ഗാർഹികാവശ്യത്തിനുള്ള 14.2 കിലോ എൽ.പി.ജി.

അടിസ്ഥാന നിരക്ക് 739.59

സി.ജി.എസ്.ടി.+എസ്.ജി.എസ്.ടി. (5%) 40.0715 രൂപ

ഡീലർ/ഡിസ്ട്രിബ്യൂട്ടർ കമ്മിഷൻ 61.84 രൂപ

മൊത്തം വില 841.50 രൂപ