കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസ് മുഴുവൻ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഇ-മെയിൽ സന്ദേശം അയച്ചു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ നടപ്പാക്കുന്നത്.

തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി. പ്രവീൺ റാവു ആവശ്യപ്പെട്ടു.

ആൾ കൂടുന്ന ഇടങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും പുറത്തിറങ്ങുമ്പോൾ കൃത്യമായി മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണമെന്നും സന്ദേശത്തിൽ പറയുന്നു. വാക്‌സിൻ എടുക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം അത് എടുക്കണം. ചില കേന്ദ്രങ്ങളിൽ വാക്‌സിൻ എടുക്കാനുള്ള സൗകര്യം ഇൻഫോസിസ് തന്നെ ഏർപ്പെടുത്തിയിരുന്നു.