കൊച്ചി: കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ കയറ്റുമതി മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം കയറ്റുമതിക്കാരുമായി ചൊവ്വാഴ്ച യോഗം ചേരും. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ നയിക്കുന്ന യോഗത്തിൽ കഴിഞ്ഞ മാസങ്ങളിൽ വിദേശ കയറ്റുമതിയിലുണ്ടായ ആരോഗ്യകരമായ വളർച്ചയും ചർച്ചാ വിഷയമാകും.

കയറ്റുമതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാനുമുള്ള വേദിയായിരിക്കും ഈ യോഗം.

മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി വരുമാനം 60.29 ശതമാനം വർധിച്ച് 3,445 കോടി ഡോളറിലെത്തിയിരുന്നു. എൻജിനീയറിങ്, വജ്രം, ജൂവലറി, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിൽനിന്നുള്ള കയറ്റുമതിയാണ് ഇതിൽ നിർണായക പങ്കുവഹിച്ചത്. അതേസമയം, 2020-21 സാമ്പത്തിക വർഷം കയറ്റുമതി വരുമാനത്തിൽ 7.26 ശതമാനം ഇടിവ് രേഖപ്പെടുത്തി.