കൊച്ചി: ഏപ്രിൽ മാസം ആദ്യപകുതിയിൽ ഇന്ത്യയുടെ ഊർജ ഉപഭോഗം 45 ശതമാനം വർധിച്ചു. 2020 ഏപ്രിൽ ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്. 2021 ഏപ്രിൽ ഒന്നുമുതൽ 15 വരെയുള്ള കാലയളവിൽ 6062 കോടി യൂണിറ്റ് വൈദ്യുതിയാണ് രാജ്യം ഉപയോഗിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഊർജ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉപഭോഗം വർധിച്ചതിന്റെ സൂചനയാണിതെന്നും ഊർജ മന്ത്രാലയം പറയുന്നു.

2020 ഏപ്രിൽ ഒന്നുമുതൽ 15 വരെ 4191 കോടി യൂണിറ്റ് വൈദ്യുതിയായിരുന്നു രാജ്യത്ത് ഉപയോഗിച്ചത്. ഈ മാസം ഏറ്റവും ഉയർന്ന വൈദ്യതി ഉപഭോഗം രേഖപ്പെടുത്തിയത് ഏപ്രിൽ എട്ടിനാണ്, 182.55 ഗിഗാവാട്ട്. ഇത് 2020 ഏപ്രിൽ മാസത്തെ ആകെ വൈദ്യുതി ഉപഭോഗത്തെക്കാൾ (132.20 ഗിഗാവാട്ട്) 38 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ 12,151 കോടി യൂണിറ്റും ഫെബ്രുവരിയിൽ 10,411 കോടി യൂണിറ്റുമായി ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം.

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അടച്ചിടൽ നടപടികൾ കാരണം സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം നിശ്ചലമായതോടെ കഴിഞ്ഞ വർഷം വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഊർജ ഉപഭോഗത്തിലുണ്ടായ വർധന വാണിജ്യ, വ്യവസായ മേഖലകളുടെ ആരോഗ്യകരമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും ഊർജ വകുപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് രണ്ടാം തരംഗം സംബന്ധിച്ച ആശങ്കകളും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിനനുസരിച്ച് പ്രാദേശികമായി പ്രഖ്യാപിക്കുന്ന അടച്ചിടലുകൾ വരും ദിവസങ്ങളിൽ വാണിജ്യ, വ്യവസായ മേഖലകളിലെ ഊർജ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചേക്കും.