മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ദേശീയതയുടെ വികാസത്തിലും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പരിപോഷണത്തിലും അലിഗഢ് പ്രസ്ഥാനം സുപ്രധാനമായ പങ്കാണു വഹിച്ചതെന്ന് ഡോ. എം.പി. അബ്‌ദുസ്സമദ് സമദാനി പറഞ്ഞു. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള സംഘടിപ്പിച്ച സർ സയ്യിദ് ദിനാഘോഷ പരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു സമദാനി.

മഹാരഥൻമാരായ സ്വാതന്ത്ര്യസമരനായകരെയും സ്വാതന്ത്ര്യസമര സേനാനികളെയും അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി കാമ്പസ് സംഭാവനചെയ്തു. ദേശീയപ്രസ്ഥാനത്തിന് കരുത്തുപകർന്ന് അതിന്റെ സംസ്‌കാരികമായ അന്തർധാരയിലും അലിഗഢ് അതുല്യമായ പങ്കുവഹിച്ചു -അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിലകൊണ്ട മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഉന്നതിക്കുവേണ്ടിയാണ് സർ സയ്യിദ് അലിഗഢ് സ്ഥാപിച്ചത് -സമദാനി പറഞ്ഞു.

അഡ്വ. മൊയ്തീൻ പി.സി. അധ്യക്ഷതവഹിച്ചു. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഫ്രൊഫ. പി.കെ. അബ്ദുൽ അസീസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ, ഡോ. ഹുസൈൻ രണ്ടത്താണി, പ്രൊഫ. എലിസബത്ത് തോമസ്, എം. അയ്യൂബ്, ഹംസ തെന്നൂർ, ഡോ. അബ്ദുൽഹമീദ്, പ്രൊഫ. സി. അഷ്റഫ് എന്നിവർ സംസാരിച്ചു.