തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’ എന്ന പ്രമേയത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളിൽനിന്ന്‌ രജിസ്‌ട്രേഷൻ എത്തിത്തുടങ്ങി.

കോവിഡ് മഹാമാരിമൂലം ഓണാഘോഷങ്ങൾ വീടുകളിൽ ഒതുക്കേണ്ടി വന്നതിനാലാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി കേരള ടൂറിസം ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരൻമാർക്കായി പ്രാദേശിക കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള 15 മിനിറ്റ് വീഡിയോ പരിപാടി വിവിധ ദൃശ്യമാധ്യമങ്ങൾ, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങൾ എന്നിവവഴി സംപ്രേക്ഷണം ചെയ്യും.

കോവിഡ് പ്രതിസന്ധിമൂലം നാട്ടിലെത്താൻ പറ്റാത്ത പ്രവാസിമലയാളികൾക്കും ഒത്തുചേരൽ നഷ്ടമായ നാട്ടിലുള്ളവർക്കും ഓൺലൈനിലൂടെ ഒരുമിച്ചു പങ്കെടുക്കാനുള്ള പൊതുവേദിയാണ് പൂക്കളമത്സരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രായഭേദമന്യേ, വ്യക്തികൾക്കോ കുടുംബത്തിനോ സംഘടനകൾക്കോ കൂട്ടായ്മകൾക്കോ മത്സരങ്ങളിൽ പങ്കെടുക്കാം. പ്രവേശന ഫീസില്ല. www.keralatourism.org/contest/pookkalam2021 എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷൻ. ഓഗസ്റ്റ് 23 അർധരാത്രിവരെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യാം.

രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന തിരിച്ചറിയൽ സംഖ്യ പൂക്കളത്തിന്റെ താഴെ തറയിൽ രേഖപ്പെടുത്തണം. തിരിച്ചറിയൽ അക്കത്തോടുകൂടിയുള്ള പൂക്കളത്തിന്റെ ചിത്രം, പൂക്കളം തയ്യാറാക്കിയ വ്യക്തിയുടെ, കുടുംബത്തിന്റെ, സ്ഥാപനത്തിന്റെ, സംഘടനയുടെ പൂക്കളത്തോടൊപ്പമുള്ള ചിത്രം എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. പൂക്കളത്തെക്കുറിച്ചുള്ള ലഘുവിവരണവും സമർപ്പിക്കണം. ഒരു എം.ബി.ക്കും 5 എം.ബി.ക്കും ഇടയിൽ വലുപ്പത്തിലുള്ള ചിത്രങ്ങളേ സ്വീകരിക്കൂ. മികച്ച 100 പൂക്കളങ്ങൾ തിരഞ്ഞെടുക്കും.