: വിദേശ ചരക്കു വിമാന സർവീസുകൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് സംസ്ഥാനത്തെ പഴം-പച്ചക്കറി കയറ്റുമതിക്കാർക്ക് തിരിച്ചടിയാകുന്നു. വിഷു-റംസാൻ സീസണിൽ ഇതുവഴി ഭീമമായ നഷ്ടമാണ് സംസ്ഥാനത്തിന്‌ ഉണ്ടായിരിക്കുന്നത്. 2019 വിഷു-റംസാൻ സീസണിലേക്കായി പ്രതിദിനം ശരാശരി 116 ടൺ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്ത സ്ഥാനത്ത് 2021-ൽ ഇത് 83.7 ടൺ ആയി കുറഞ്ഞു.

2020 ഒക്ടോബറിലാണ് പുതുക്കിയ ‘ഓപ്പൺ സ്കൈ’ നയം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇതുപ്രകാരം ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ ആറ്‌ വിമാനത്താവളങ്ങളിൽ മാത്രമാണ് വിദേശ ചരക്കു വിമാന സർവീസുകൾക്ക് അനുമതിയുള്ളത്. ഇതോടെ കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി പ്രതിസന്ധിയിലായി.

ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഇപ്പോൾ ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ കയറ്റുമതിക്കാർ. മാത്രമല്ല, ഇതിനായുള്ള ചെലവും കൂടുതലാണ്. നിലവിൽ, കുറഞ്ഞ തോതിൽ യാത്രാ വിമാനങ്ങളിലാണ് കേരളത്തിൽനിന്ന്‌ ചരക്ക് കയറ്റി അയയ്ക്കുന്നത്. ഇതിനുള്ള ചെലവും വ്യാപാരികൾക്ക് അമിത ഭാരം ഉണ്ടാക്കുന്നുണ്ട്. വിദേശ സർവീസുകളിൽ നിന്നുള്ള മത്സരം നിലച്ചതോടെ ആഭ്യന്തര വിമാന കമ്പനികൾ നിരക്ക് കൂട്ടിയതാണ് ഇതിനു കാരണം. ആഭ്യന്തര വിമാനങ്ങളിൽ ചരക്ക്‌ കയറ്റി അയയ്ക്കുന്നതിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടി നിരക്ക് കൊടുക്കേണ്ടി വരുന്നുണ്ടെന്നും കയറ്റുമതിക്കാർ പറയുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടാത്തത് കേരളത്തിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ഗൾഫ്, യൂറോപ്യൻ മേഖലയിലെ വിപണികൾ നഷ്ടപ്പെടാൻ കാരണമായേക്കുമെന്ന ആശങ്കയുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടാകുകയും ചെയ്യും.

നേരത്തെ ഖത്തർ എയർവെയ്‌സ്‌, ഇത്തിഹാദ് എയർവെയ്സ്, സൗദി എയർലൈൻസ്, ഫ്ളൈ ദുബായ്‌ എന്നിവ കേരളത്തിൽനിന്ന്‌ ചരക്കു വിമാന സർവീസ് നടത്തിയിരുന്നു. ഓപ്പൺ സ്കൈ പോളിസി ഭേദഗതി ചെയ്തതിലൂടെ സ്വദേശി വിമാനക്കമ്പനികൾക്ക് വിദേശ ചരക്കു വിമാന സർവീസിനുള്ള അനുമതി നൽകാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. എന്നാൽ, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇത്തരം സർവീസുകൾ കുറവാണ്.