: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെയും സർക്കാരിന്റെയും അപ്രീതിക്ക് പാത്രനായ ശതകോടീശ്വരനും ‘ആലിബാബ’യുടെ ഉടമയുമായ ജാക്ക് മാ(56)യ്ക്ക് കമ്പനിയിലെ ഓഹരി വിറ്റൊഴിയാൻ മാതൃകമ്പനിയായ ‘ആന്റ് ഗ്രൂപ്പ്’ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഓഹരി ഏറ്റെടുക്കാൻ പൊതുമേഖലാ ബാങ്കുകൾ തന്നെ രംഗത്തുണ്ടെന്നും അവർ ജനുവരി-മാർച്ച് കാലയളവിൽ അദ്ദേഹവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ‘റോയിട്ടേഴ്‌സ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആന്റ് ഗ്രൂപ്പ് വാർത്ത നിഷേധിച്ചിട്ടുണ്ട്.

ചൈനീസ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിലാണ് അദ്ദേഹം അപ്രീതിക്ക് പാത്രനായത്. ഇതിന്റെ പിന്നാലെ ആലിബാബയുടെ കുത്തക പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിക്കുകയും വളർച്ചയ്ക്ക് കടിഞ്ഞാൺ ഇടുകയും ചെയ്തു. ഇതോടെ, കമ്പനിയുടെ ഓഹരി വില കൂപ്പുകുത്തി.

ഇംഗ്ലീഷ് അധ്യാപകനായി ജീവിതം തുടങ്ങിയ ജാക്ക് മാ, 1990-കളിൽ ഇന്റർനെറ്റ് വ്യാപനത്തോടെയാണ് ‘ആലിബാബ’ എന്ന പേരിൽ ഓൺലൈൻ സ്റ്റോറിന് തുടക്കം കുറിച്ചത്. ഇത് പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായി വളരുകയായിരുന്നു.