നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച 14,968 ഉയർന്ന തലത്തിലെ സമ്മർദ രേഖയായും 14,788 എന്ന സപ്പോർട്ടിനു താഴെ 14,460-14,130-ലേക്കുള്ള തിരുത്തലും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞയാഴ്ച തുടക്കത്തിൽ തന്നെ നിഫ്റ്റി 14,248 വരെ തകരുകയും പിന്നീടുള്ള ദിവസങ്ങൾ കൊണ്ട് തിരിച്ചുകയറി 14,698 വരെയെത്തി 14,618-ൽ അവസാനിക്കുകയുമായിരുന്നു.

നിഫ്റ്റി 15,172 എന്ന സമ്മർദരേഖയിൽ നിന്നുള്ള തിരുത്തൽ നടത്താനുള്ള നീക്കം തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. 15,172-നു മുകളിലേക്ക് വീക്കിലി ക്ലോസിങ് ലഭിക്കേണ്ടതിന്റെ അനിവാര്യത ഫെബ്രുവരി ആദ്യ വാരങ്ങളിൽ തന്നെ ഈ കോളത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ മറ്റൊരു സമ്മർദരേഖ കൂടി രൂപപ്പെട്ടു വന്നിട്ടുണ്ട്. അത് 14,985-ലാണ് ഇപ്പോഴുള്ളത്. ഇതിനു മുകളിലേക്ക് ഡെയ്‌ലി ക്ലോസിങ് ലഭിക്കുക എന്നത് മറ്റൊരു പ്രതിബന്ധമായി രൂപപ്പെട്ടിട്ടുണ്ട്. ബെയറുകൾ പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. അതുകൊണ്ടുതന്നെ ബുള്ളുകൾ ജീവന്മരണ പോരാട്ടം തന്നെ ഇനി നടത്തിയേക്കാം.

കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലങ്ങൾ വന്നു തുടങ്ങിയിട്ടുള്ളത് ബുള്ളുകൾക്ക് ചെറിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകുമോ എന്നത് കണ്ടറിയണം.

നിഫ്റ്റിയിൽ ഉയർന്ന തലത്തിൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടത് 14,668-14,693 നിലവാരത്തിലെ സമ്മർദമാണ്. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യാനായാൽ അടുത്ത സമ്മർദ മേഖലയായ 14,923-14,985 നിലവാരത്തിലേക്ക് നീക്കം നടത്താൻ നിഫ്റ്റി ശ്രമിക്കും. ഈ ഒരു നീക്കത്തിന് വളരെയധികം പ്രാധാന്യം ഒന്നിലേറെ കാരണങ്ങൾ കൊണ്ട് ഉണ്ട്. ഇത് നടത്താൻ ബുള്ളുകൾക്കാവുന്നില്ലെങ്കിൽ അത് നിഫ്റ്റിയെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് കടത്തിവിടും.

ഇനി താഴെ, വരും ദിനങ്ങളിലേക്ക് ശ്രദ്ധിക്കേണ്ട മേഖലകൾ പരിശോധിക്കാം. 14,515-നു താഴേക്ക് നിഫ്റ്റി ക്ലോസ് ചെയ്യുന്നത്‌ വരും ദിനങ്ങളിൽ കൂടുതൽ വീക്ക്‌നെസ് ഉണ്ടാവുമെന്നതിന്റെ ആദ്യ ലക്ഷണമാണ്. പിന്നീട് 14,248 നിലവാരമായിരിക്കും ബെയറുകൾ ലക്ഷ്യമിടുക. ഇതിനു താഴേക്ക് 14,111 ഒരു പ്രധാന സപ്പോർട്ട് ആണ്. ഇതും ഭേദിച്ചാൽ 13,600 നിലവാരം വരെ തകർച്ച പ്രതീക്ഷിക്കുകയും ചെയ്യാം.

വരും ദിനങ്ങളിൽ കൂടുതൽ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിൽ പ്രധാനം എ.സി.സി., എച്ച്.സി.എൽ. ടെക്, ടാറ്റ എലക്‌സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയാണ്. ഇതുകൂടാതെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ തീരുമാനമെടുക്കാൻ യോഗം കൂടുന്നുണ്ട്. കൊറോണയുടെ രണ്ടാമൂഴം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. നിക്ഷേപത്തിനു സുരക്ഷ നൽകാൻ സ്റ്റോപ് ലോസ് നൽകുന്നതുപോലെ തന്നെ ജീവന് സംരക്ഷണം നൽകാൻ മാസ്ക് ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)