കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്കാണ് അവധി. ഇത്തരം സംരംഭങ്ങളുടെ വായ്പകൾ റിസർവ് ബാങ്ക് മാർഗ നിർദേശങ്ങൾക്കനുസൃതമായി നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകുകയും ചെയ്യും.

സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക് അപേക്ഷകൾ സമർപ്പിക്കാം. 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ പദ്ധതി. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കില്ലെന്ന് കെ.എഫ്.സി. അറിയിച്ചു.

2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭങ്ങൾക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20 ശതമാനം അധിക വായ്പ നൽകിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായങ്ങളും വീണ്ടും പ്രതിസന്ധിയിലായി. ഇത്തരം സംരംഭകർക്ക് കഴിഞ്ഞ വർഷം നൽകിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധിക വായ്പ അനുവദിക്കും. അതായത് 40 ശതമാനം അധിക വായ്പ.

പദ്ധതിയിൽ മുതൽ തിരിച്ചടവിന് 24 മാസത്തെ സാവകാശം നൽകും. എന്നാൽ, ഈ കാലയളവിലും പലിശ അടയ്ക്കേണ്ടതിനാൽ, വായ്പയിൽനിന്ന്‌ ഇത് തിരിച്ചടയ്ക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്.

കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ വായ്പ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംരംഭങ്ങൾക്കായി കെ.എഫ്.സി. പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ശതമാനം പലിശയിലാണ് നൽകുന്നത്. അഞ്ചു വർഷമായിരിക്കും കാലാവധി.

ചെറുകിട വ്യവസായങ്ങൾ, ആരോഗ്യ പരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തിൽനിന്ന് എട്ടു ശതമാനമാക്കിയിട്ടുണ്ട്. ഉയർന്ന പലിശ 12 ശതമാനത്തിൽനിന്ന്‌ 10.5 ശതമാനമായി കുറച്ചിട്ടുണ്ട്.