കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ കെ.എൽ.എം. ആക്‌സിവ ഫിൻവെസ്റ്റ് മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 11.14 കോടിയുടെ ലാഭം നേടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ലാഭം 47.35 ശതമാനം വർധിച്ചു.

ഈ സാമ്പത്തിക വർഷം 5,000 കോടി രൂപയുടെ ബിസിനസാണ് കെ.എൽ.എം. ആക്‌സിവ ലക്ഷ്യമിട്ടിരിക്കുന്നത്. മൈക്രോ ഫിനാൻസിന് മാത്രമായി കമ്പനി ആരംഭിക്കുമെന്നും ഓഹരികളുടെ ആദ്യ പൊതുവില്പന ഈ സാമ്പത്തിക വർഷത്തിൽ തുടങ്ങുമെന്നും ചെയർമാൻ ജെ. അലക്‌സാണ്ടർ അറിയിച്ചു. ശാഖകളുടെ എണ്ണം 1,100-ലേക്ക് ഉയർത്തും. ഇന്ത്യ മുഴുവൻ പ്രവർത്തനം വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം 736.25 കോടി സ്വർണ വായ്പകളാണ് കെ.എൽ.എം. ആക്‌സിവ വിതരണം ചെയ്തത്. ആകെ രണ്ട്‌ ലക്ഷം സ്വർണ വായ്പാ ഇടപാടുകാരാണ് ഉള്ളത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തി 20.78 വർധിച്ച് 205 കോടിയിൽ എത്തി.