കൊച്ചി: കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളിയിൽനിന്ന് ഇന്ത്യൻ സമ്പദ്ഘടനയെ കരകയറ്റാൻ മൂന്നു ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് ആവശ്യമാണെന്ന് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). വാക്‌സിൻ ഉദ്യമം വേഗത്തിലാക്കാനുള്ള നടപടികളും സാമ്പത്തിക മുന്നേറ്റത്തിന് ആവശ്യമാണ്.

രണ്ടാം പകുതിയിലെ മികച്ച വളർച്ചയുടെ പിൻബലത്തിൽ 2021-22 സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 9.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ഐ.ഐ. ദേശീയ പ്രസിഡന്റ് ടി.വി. നരേന്ദ്രൻ പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃത ഇന്ത്യൻ സമ്പദ് വ്യവസ്ഥ

കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ചതും ഉപഭോക്തൃ ആവശ്യകതയെയാണ്. ആഭ്യന്തര ഡിമാൻഡ് ഉയർത്താൻ ജൻധൻ അക്കൗണ്ടിലൂടെ ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്ന നടപടികൾ ഉൾപ്പെടെ കൈക്കൊള്ളേണ്ടതുണ്ടെന്ന് ടാറ്റാ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ നരേന്ദ്രൻ അഭിപ്രായപ്പെട്ടു.

വായ്പാ പലിശ പിടിച്ചുനിർത്തിക്കൊണ്ട് ഉത്തേജക പാക്കേജിന് പണം കണ്ടെത്താൻ റിസർവ് ബാങ്ക് ബാലൻസ് ഷീറ്റ് വിപുലപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മൻരേഗ പദ്ധതിയിലേക്ക് കൂടുതൽ പണം നീക്കിെവച്ചും ഹ്രസ്വ കാലയളവിൽ ജി.എസ്.ടി. നിരക്കുകൾ കുറയ്ക്കുന്നതും ഡിമാൻഡ് കൂടാൻ സഹായിക്കും. വീട് വാങ്ങുന്നവർക്ക് നികുതി ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, പലിശ ഇളവ് എന്നിവ ലഭ്യമാക്കേണ്ടതും ആവശ്യമാണ്.

വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ഒരു മന്ത്രിയെ ചുമതലപ്പെടുത്തണമെന്നും സി.ഐ.ഐ. അഭിപ്രായപ്പെട്ടു. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 2021 ഡിസംബർ അവസാനത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാക്കാൻ ദിനംപ്രതി ശരാശരി കുറഞ്ഞത് 71.2 ലക്ഷം കുത്തിെവപ്പ്‌ നടത്തേണ്ടതുന്നെും സി.ഐ.ഐ. വ്യക്തമാക്കി.