നിഫ്റ്റി കഴിഞ്ഞയാഴ്ച 14,653 എന്ന റെക്കോഡ് ഉയരം രേഖപ്പെടുത്തുകയും പിന്നീട് ആഴ്ച അവസാനത്തോടെ 14,357 വരെയെത്തി 14,433-ൽ ക്ലോസ് ചെയ്യുകയും ചെയ്തു. കോവിഡ് വാക്‌സിൻ കൈവെള്ളയിൽ എത്തിക്കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണത്തിലെ വളർച്ചത്തോത് കുറയുകയും ചെയ്യുന്നു. നിഫ്റ്റിയാകട്ടെ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇടപാടുകാർ നിഫ്റ്റിയുടെ ‘ടോപ്’ എവിടെയായിരിക്കുമെന്ന ചിന്തയിലാണ്.

10 മാസങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന സ്ഥിതിവിശേഷത്തിനു നേരെ വിപരീതമായ അവസ്ഥ. അന്ന് നിഫ്റ്റി കൂടുതൽ തകർന്നുകൊണ്ടിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടുമിരുന്നു. വിപണി ഇനിയും എത്രകൂടി തകരും എന്ന ചിന്തയിലായിരുന്നു നിക്ഷേപകർ അന്ന്. തീർച്ചയായും ചിന്തിക്കേണ്ട അവസ്ഥയാണ്.

എന്താവും വിപണിയുടെ അടുത്ത നീക്കം? ഡോളർ തുടർച്ചയായ തകർച്ചയിൽനിന്നു കരകയറുന്ന ലക്ഷണങ്ങൾ കാണിക്കുന്നതും വോളറ്റാലിറ്റി ഇൻഡക്സ് ആയ ‘ഇന്ത്യ വിക്‌സ്’ നിർണായക സമ്മർദ രേഖയായ 21.90-നു മുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ക്ലോസ് ചെയ്തതുമൊക്കെ സൂചിപ്പിക്കുന്നത് ഒരു തകർച്ചയുടെ സാധ്യതകളിലേക്കാണ്. ഡോളർ ഇൻഡക്സ് ഇപ്പോൾ 90.75-ൽ എത്തിനിൽക്കുന്നത് 92-നു മുകളിലേക്ക് ക്ലോസ് ചെയ്യുന്നുവെങ്കിൽ അത് ദുഃസൂചന തന്നെയാണ് തരാൻ പോവുന്നത്.

വരുന്ന രണ്ട് ആഴ്ചകൾ വിപണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. തിരുത്തൽ നടത്താൻ വിപണി ഒരു കാരണം നോക്കി നിൽക്കുകയാണ്.

വരും ദിനങ്ങളിൽ ഏതൊക്കെ നിലവാരങ്ങളാണ് നിഫ്റ്റിയിൽ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. താഴെ ഏറ്റവും അടുത്ത് ശ്രദ്ധിക്കേണ്ട സപ്പോർട്ട് 14,292 നിലവാരത്തിലേതാണ്. ഇതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് നിഫ്റ്റിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. 14,090-13,892-13,698 നിലവാരങ്ങളാവും പിന്നീട് നിഫ്റ്റിക്ക് താഴേക്കുള്ള ലക്ഷ്യം.

ഉയർന്ന നിലവാരത്തിൽ ആദ്യം ശ്രദ്ധിക്കേണ്ട സമ്മർദ രേഖ 14,577-ലേതാണ്. ഈ നിലവാരത്തിനു മുകളിലേക്ക് വരും ദിനങ്ങളിൽ ക്ലോസ് ചെയ്യാനായാൽ വീണ്ടും മുന്നേറ്റം തുടരുന്നതിന്റെ ആദ്യ ലക്ഷണമാണത്. പിന്നീട് ഭേദിക്കപ്പെടേണ്ടത് 14,654 എന്ന നിലവാരവുമാണ്. ഇതിന്റെ മുകളിൽ പിന്നീട് ലക്ഷ്യമിടുക 14,780-15,002 നിലവാരങ്ങളാവും.

ഈയാഴ്ച പല മുൻനിര കമ്പനികളുടെയും മൂന്നം പാദ പ്രവർത്തന ഫലം വരുന്നുണ്ട്. മികച്ച ഫലമാണ് പലതിലും പ്രതീക്ഷിക്കുന്നത് എന്നതിനാൽ, അതിനു വിപരീതമായി വന്നാൽ അത് ആ ഓഹരികളെ സാരമായി ബാധിക്കും.

മുൻ ആഴ്ചകളിൽ നിർദേശിച്ച ഓഹരികളിലേക്ക്

എച്ച്.ഡി.എഫ്.സി. ലൈഫ്: കഴിഞ്ഞ നവംബർ അവസാനം 620 നിലവാരത്തിനടുത്ത് നിക്ഷേപത്തിനു നിർദേശിച്ച ഈ ഓഹരി ഇക്കഴിഞ്ഞ ആഴ്ച 731 രൂപ വരെയെത്തി നിൽക്കുന്നു. ഹ്രസ്വകാല നിക്ഷേപകർക്ക് ലാഭമെടുത്ത് പിന്മാറാം. മീഡിയം ടേം, ലോങ് ടേം നിക്ഷേപകർക്ക് പകുതി ലാഭമെടുത്ത ശേഷം ബാക്കിയുള്ള പൊസിഷൻ 639 രൂപ സ്റ്റോപ് ലോസോടു കൂടി ഹോൾഡ് ചെയ്യാം.

റിലാക്‌സോ ഫുട്ട്‌വെയർ: ഡിസംബർ 14-ന് 730 രൂപ നിലവാരത്തിൽ നിക്ഷേപത്തിന് നിർദേശിച്ച ഈ ഓഹരി ജനുവരി ആദ്യ വാരത്തോടേ 928 നിലവാരം വരെയെത്തി ഇപ്പോൾ 850 നിലവാരത്തിനടുത്ത് ട്രേഡ് ചെയ്യുന്നു. ഈ ഓഹരിയിലെ സ്റ്റോപ് ലോസ് 769 രൂപയിലേക്ക് ഉയർത്തി കൊണ്ടുവന്ന് പൊസിഷൻ നിലനിർത്താം. ഷോർട്ട് ടേം നിക്ഷേപകർക്ക് 885-900 നിലവാരം പകുതി പൊസിഷൻ ലാഭമെടുക്കാനും ഉപയോഗിക്കാം. 981 എന്ന ലക്ഷ്യ സ്ഥാനമാണ് ഈ ഓഹരിക്ക് കണ്ടിരുന്നത്.

ഡോ. ലാൽപത് ലാബ്: ഡിസംബർ 28-ന് 2250 രൂപ നിലവാരത്തിൽ നിക്ഷേപത്തിനു നിർദേശിച്ചിരുന്ന ഈ ഓഹരി പിന്നീട് 2,460 വരെ വിലവർധന രേഖപ്പെടുത്തിയ ശേഷം 2,300 നിലവാരത്തിനടുത്ത് ട്രേഡ് ചെയ്യുന്നു. സ്റ്റോപ് ലോസ് പരിധി 2,098 രൂപയിലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്തുക. ലക്ഷ്യം 2,820 രൂപയിൽ തന്നെ നിലനിർത്തുക.

റൈറ്റ്‌സ്: ജനുവരി നാലിന് 270 രൂപ നിലവാരത്തിനടുത്ത് നിർദേശിച്ച ഈ ഓഹരി പിന്നീട് 285 രൂപ വരെ വിലവർധന രേഖപ്പെടുത്തുകയും കഴിഞ്ഞയാഴ്ച ആറു രൂപയോളം ഡിവിഡന്റ് നൽകിയ ശേഷം ഇപ്പോൾ 263 രൂപ നിലവാരത്തിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. സ്റ്റോപ് ലോസ് 261 രൂപയിലേക്ക് ഉയർത്തുക. ഈ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രം ഒഴിവാക്കുക.

ഈയാഴ്ചത്തെ ഓഹരി

ഐ.ടി.സി.: 208-211 രൂപ നിലവാരത്തിനടുത്ത് മീഡിയം ടേം നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഈ ഓഹരിക്ക് 191 രൂപ നിലവാരത്തിൽ സ്റ്റോപ് ലോസ് നൽകുക.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ. നിയപ്രകാരമുള്ള അറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയം)