കൊച്ചി: കേരളത്തിന്റെ കറിപ്പൊടികൾ, ഗൃഹോപകരണങ്ങൾ, പേഴ്‌സണൽ കെയർ ഉത്പങ്ങൾ, ഭക്ഷ്യ-ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ വില്പനയൊരുക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്നൊവെൻഷ്യ സിസ്റ്റംസ്‌’ ആണ് ‘ദി ഡിസ്കൗണ്ട് ഡോട്ട് നെറ്റ്’ (thediscount.net) എന്ന വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

മറുനാട്ടിലുള്ള കേരളീയർക്ക് സ്വന്തം നാട്ടിൽ നിന്നുള്ള ബ്രാൻഡുകൾ ഏറെ പ്രിയപ്പെട്ടതാണെന്നും എന്നാൽ, അവയുടെ ലഭ്യതയായിരുന്നു ഇതുവരെ പ്രശ്നമെന്നും ‘ദി ഡിസ്‌കൗണ്ടി’ന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ അനുരാജ് രാജേന്ദ്രൻ പിള്ള പറഞ്ഞു. നൂറിലേറെ കേരള ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ദി ഡിസ്കൗണ്ടിൽ ലഭ്യമാണ്. കൂടുതൽ ബ്രാൻഡുകൾ ചേർക്കുന്ന തിരക്കിലാണ് കമ്പനി. ആദ്യവർഷം 100 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.