കൊച്ചി: പ്രമുഖ ജൂവലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്റ്റ്മെന്റ്‌സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡി.ഐ.എഫ്‌.സി.) മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപ്പറേഷൻസ് ഓഹരികൾ ‘നാസ്ഡാക്‌ ദുബായി’യിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിൽ രജിസ്റ്റർ ചെയ്തു.

കമ്പനിയുടെ മുന്നൂറിലധികം ഓഹരി ഉടമകൾക്ക് ‘എമിറേറ്റ്‌സ് ഇ.എൻ.ബി.ഡി. സെക്യൂരിറ്റീസ്’ പോലുള്ള ബ്രോക്കറേജ് കമ്പനികൾ വഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര ഓപ്പറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർനാഷനൽ ഓപ്പറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്‌ ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിലൂടെ സുരക്ഷിതമായി നടക്കും. അതേസമയം, വ്യാപാരം എക്സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയും ചെയ്യും.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് ‘നാസ്ഡാക് ദുബായ്’ മാർക്കറ്റിലെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി.) ഗവർണറും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡി.എഫ്.എം.) ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്‌ ദുബായ് സി.ഇ.ഒ.യും ഡി.എഫ്.എം. ഡെപ്യൂട്ടി സി.ഇ.ഒ.യുമായ ഹമേദ് അലി എന്നിവർ സന്നിഹിതരായിരുന്നു.