കൊച്ചി: മ്യൂച്വൽ ഫണ്ടിൽ മാസാമാസം തുല്യ തവണകളായി അടയ്ക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനി (എസ്.ഐ.പി.) ലൂടെയുള്ള ആസ്തിമൂല്യം 2021 മേയ് 31-ലെ കണക്ക് അനുസരിച്ച് 4.67 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത്‌ റെക്കോഡാണ്. 2016 ഓഗസ്റ്റ് 31-ൽ 1.25 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ദീർഘകാല സമ്പത്ത്‌ സമ്പാദനത്തിൽ രാജ്യത്തെ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്നതിന് തെളിവാണ് അഞ്ചു വർഷം കൊണ്ടുള്ള ഈ വർധന. പ്രതിവർഷം ശരാശരി 30 ശതമാനം നിരക്കിലാണ് ഇക്കാലയളവിലെ വളർച്ച. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ചു മാസങ്ങളിൽ മാത്രം എസ്.ഐ.പി. വഴി 42,148 കോടി രൂപയുടെ നിക്ഷേപമാണ്‌ ഉണ്ടായത്. 2016 ഏപ്രിൽ 30 മുതൽ 2021 മേയ് 31 വരെയുള്ള കാലത്തിനിടെ എസ്.ഐ.പി. അക്കൗണ്ടുകളുടെ എണ്ണം ഏതാണ്ട് നാലു മടങ്ങോളം വർധിച്ച് 3.88 കോടിയിലെത്തിയതും ചെറുകിട നിക്ഷേപകരിൽ വർധിച്ചുവരുന്ന താത്പര്യമാണ് കാണിക്കുന്നത്.

വാർഷിക മ്യൂച്വൽ ഫണ്ട് എസ്.ഐ.പി. സംഭാവനയിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയിലധികം വർധന രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വർഷം ഇത് 96,080 കോടി രൂപയായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടുകളിലൂടെയേ കഴിയൂ എന്ന് ചെറുകിട നിക്ഷേപകർ കൂടുതലായി മനസ്സിലാക്കി വരുന്നുണ്ടെന്നും ഇതാണ് ഇവയിൽ താത്പര്യം കൂടാൻ കാരണമെന്നും ‘ആംഫി’ ചീഫ് എക്സിക്യുട്ടീവ് എൻ.എസ്. വെങ്കിടേഷ് പറഞ്ഞു.