തൃശ്ശൂർ: സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ വീഡിയോ െക.വൈ.സി. അക്കൗണ്ട്‌ സൗകര്യം അവതരിപ്പിച്ചു. ബാങ്കിന്റെ ശാഖ സന്ദർശിക്കാതെ, വീഡിയോ കോളിലൂടെ, പാൻ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച്‌ ഇടപാടുകാർക്ക്‌ അക്കൗണ്ട്‌ തുറക്കാമെന്നതാണ്‌ സവിശേഷത.

ഓൺലൈനിൽ കെ.വൈ.സി. നടപടിക്രമങ്ങൾ വളരെ പെട്ടെന്ന്‌ പൂർത്തിയാക്കി, സങ്കീർണതകളില്ലാതെ അക്കൗണ്ട്‌ തുറക്കാനുള്ള സംവിധാനമാണ്‌ വീഡിയോ കെ.വൈ.സി. ഫോട്ടോയെടുക്കലും ഒപ്പ്‌, കെ.വൈ.സി. രേഖകൾ എന്നിവയുടെ പരിശോധനയും പെട്ടെന്ന്‌ പൂർത്തിയാകും. വീഡിയോ കെ.വൈ.സി. ആധാരമായുള്ള അക്കൗണ്ട്‌ തുറക്കലിനായി http://videokyc.southindianbank.com സന്ദർശിച്ചാൽ മതി. ഈ ലിങ്ക്‌ ബാങ്കിന്റെ മൊബൈൽ ആപ്പായ എസ്‌.ഐ.ബി. മിറർ പ്ളസിന്റെ പ്രീ ലോഗിൻ പേജിലും ബാങ്കിന്റെ വെബ്‌സൈറ്റിലും കാണാം.

കോവിഡ്‌കാലത്ത്‌ അക്കൗണ്ട്‌ തുറക്കുന്ന നടപടിക്രമം വീഡിയോ കെ.വൈ.സി.യിലൂടെ എളുപ്പമാകുമെന്ന്‌ ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടറും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.