തൃശ്ശൂർ: കോവിഡ് രോഗബാധിതരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സമാശ്വാസം നൽകുന്നതിന് ഒരു പുതിയ സ്വർണപ്പണയ വായ്പാ പദ്ധതി കെ.എസ്.എഫ്.ഇ. പ്രഖ്യാപിച്ചു. സൗഖ്യ സ്വർണപ്പണയ വായ്പ എന്ന് പേരുള്ള ഈ പദ്ധതി പ്രകാരം 2021 മാർച്ച് ഒന്നിനു ശേഷം കോവിഡ് രോഗം ഭേദപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും ഒരു ലക്ഷം രൂപ വരെ അഞ്ചുശതമാനം പലിശ നിരക്കിൽ വായ്പ ലഭിയ്ക്കും. കോവിഡിനെ അതിജീവിച്ച വ്യക്തിയുടെ പേര് ഉൾക്കൊള്ളുന്ന റേഷൻകാർഡിൽ പേര് ഉള്ളവരെയും പ്രായപൂർത്തിയെത്തിയവരെയുമാണ് കുടുംബാംഗങ്ങളായി കണക്കാക്കുക. ആറുമാസം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും വായ്പയ്ക്ക് അർഹതയുണ്ട്.

പോസ്റ്റ് കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിന് സമാശ്വാസം പകരുന്നതിനാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് കെ.എസ്.എഫ്.ഇ. ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനും അറിയിച്ചു.