കൊച്ചി: സ്വർണാഭരണങ്ങൾക്കുള്ള ഹാൾമാർക്കിങ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ഇനി 14, 18, 22 കാരറ്റിലുള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളു. അതേസമയം, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ബി.ഐ.എസ്. ലൈസൻസ് എടുക്കാനുള്ളവർക്ക് ഒരു മാസത്തെ സമയം അനുവദിക്കാനും ഇക്കാലയളവിൽ ഇവർക്കെതിരേ മറ്റ് യാതൊരു നടപടികളും പാടില്ലെന്ന വ്യവസ്ഥയിലും ഹൈക്കോടതി ഉത്തരവിറക്കി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ.) അഞ്ച് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഹാൾമാക്കിങ്‌ നിർബന്ധമാക്കൽ പ്രഖ്യാപനത്തിന് മുൻപുതന്നെ കേരള വിപണിയിൽ വിൽക്കപ്പെട്ടിരുന്ന 80 ശതമാനം സ്വർണാഭരണങ്ങളും ഹാൾമാർക്ക് ചെയ്തവയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റർ കേരള ചാപ്റ്റർ അറിയിച്ചു.

കേരളത്തിൽ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

നിർണായക തീരുമാനം

: ബി.ഐ.എസ്. ഹാൾമാർക്കിങ് നിർബന്ധിതമാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ദീർഘകാലമായി ഇന്ത്യയിൽ ആഭരണ വ്യവസായം മുന്നോട്ടുപോയിരുന്ന രീതിക്ക് മാറ്റമുണ്ടാക്കുന്ന നാഴികക്കല്ലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഏകീകരിക്കുന്നതിനും ഈ വ്യവസായ രംഗത്തെ കൂടുതൽ ഘടനാപരമായ രീതിയിൽ മുന്നോട്ടു നയിക്കുന്നതിനും ഇതുവഴി സാധിക്കും. പുതിയ ആഭരണങ്ങൾ വാങ്ങുമ്പോഴും പഴയ സ്വർണം കൈമാറ്റം ചെയ്യുമ്പോഴും ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നേട്ടം.

കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ഐ.എസ്. ഹാൾമാർക്കിങ് രംഗത്ത് കല്യാൺ ജൂവലേഴ്‌സ് മുൻപന്തിയിലാണ്. സ്വമേധയാ, കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും നൂറുശതമാനം ബി.ഐ.എസ്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളാണ് വിൽക്കുന്നത്. വരും വർഷങ്ങളിലും ഇക്കാര്യങ്ങളിലുള്ള ശ്രദ്ധ തുടർന്നു കൊണ്ടുപോകും.

രമേഷ് കല്യാണരാമൻ

എക്സിക്യുട്ടീവ് ഡയറക്ടർ, കല്യാൺ ജൂവലേഴ്‌സ്