കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 34,960 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,370 രൂപയായി. ബുധനാഴ്ച പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു.

ഏപ്രിൽ മാസം ഇതുവരെ 2,080 രൂപയുടെ വിലക്കയറ്റമാണ് പവൻ വിലയിൽ ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,745 ഡോളറാണ് വ്യാഴാഴ്ചത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നിട്ടും രൂപ ദുർബലമായതാണ് വിലയിടിവിന് കാരണമായത്.

പണപ്പെരുപ്പവും വളർച്ച നിരക്കിനെക്കുറിച്ചുള്ള ആശങ്കകളും ആർ.ബി.ഐ. പണനയവുമൊക്കെയാണ് രൂപ പെട്ടെന്ന് ദുർബലമാകാൻ കാരണം. യു.എസ്. സർക്കാർ ഡോളറിനെ ശക്തിപ്പെടുത്താനെടുത്തു കൊണ്ടിരിക്കുന്ന നടപടികളും രൂപയ്ക്ക് തിരിച്ചടിയായി. റഷ്യ-യുക്രൈൻ തർക്കങ്ങൾ വഷളായാൽ സ്വർണ വില ഉയർന്നേക്കുമെന്നാണ് വിപണി നൽകുന്ന സൂചന.