കൊച്ചി: ഇന്ത്യക്കാരനായ സുരോജിത് ചാറ്റർജി അമേരിക്കയിലെ മുൻനിര ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസി എക്സ്‌ചേഞ്ചായ കോയിൻബേസിൽ ചീഫ് പ്രോഡക്ട് മാനേജരായി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ. കോയിൻബേസിന്റെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ അദ്ദേഹമിപ്പോൾ കോടീശ്വരനായിരിക്കുകയാണ്.

കമ്പനിയിൽനിന്ന് അദ്ദേഹത്തിന് കിട്ടിയ ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 18.08 കോടി ഡോളറാണ്. അതായത്, 1,500 കോടി രൂപ. അടുത്ത അഞ്ച് വർഷം അദ്ദേഹത്തിന് 46.55 കോടി ഡോളറിന്റെ ഓഹരികൾ കൂടി ലഭിക്കും. അതായത്, 3,500 കോടി രൂപ കൂടി. നിലവിലെ ഓഹരി വില അനുസരിച്ച് അദ്ദേത്തിന്റെ മൊത്തം ആസ്തിമൂല്യം 5,000 കോടി രൂപ കടക്കും.

ഗൂഗിളിന്റെ ആകർഷകമായ ജോലി രാജിെവച്ച് താരതമ്യേന ചെറിയൊരു കമ്പനിയിലെത്തിയതിനാണ് അദ്ദേഹത്തിന് ഇത്രയും വിലയുള്ള ഓഹരികൾ പാരിതോഷികമായി ലഭിച്ചത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിൽ ഷോപ്പിങ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന ടീമിന് നേതൃത്വം നൽകിയത് സുരോജിത്താണ്. മുമ്പ് ഗൂഗിളിന്റെ മൊബൈൽ സെർച്ച് ആഡ്‌സ്, ആഡ്‌സെൻസ് എന്നീ വിഭാഗങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പിന്നീട് കുറച്ചുകാലം ഫ്ലിപ്കാർട്ടിലേക്ക് പോയ ശേഷം മടങ്ങിയെത്തിയാണ് ഷോപ്പിങ് പ്ലാറ്റ്‌ഫോം തുടങ്ങിയത്.

ഐ.ഐ.ടി. ഖരഗ്‌പുരിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ് സുരോജിത് യു.എസിലേക്ക് പറന്നത്.