കൊച്ചി: ജൂൺ 16-നു ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ സ്വർണ വ്യാപാര ശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യമുയരുന്നു. വിവാഹ ആവശ്യത്തിനും മറ്റുമായി സ്വർണം വാങ്ങുന്നതിന് മാത്രമല്ല ആളുകൾ ജൂവലറികളിൽ എത്തുന്നത്. കടബാധ്യത തീർക്കാനും മറ്റുമായി കൈവശമുള്ള സ്വർണം വിൽക്കാനെത്തുന്നവരുമുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ.) അറിയിച്ചു.

ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ പറയുന്നു. സ്വർണാഭരണ നിർമാണ മേഖലയിൽ പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഡൈ വർക്ക്, കട്ടിങ്, പോളിഷ്, കളറിങ്, ഹാൾ മാർക്കിങ് സെന്ററുകൾ, അനുബന്ധ മേഖലകൾ എന്നിവിടങ്ങളിലായി ജോലിചെയ്യുന്ന രണ്ടു ലക്ഷത്തോളം തൊഴിലാളികളുമുണ്ട്.

ജൂവലറികൾ കൂടുതൽ കാലം അടച്ചിടുന്നതുമൂലം കടബാധ്യതകൾ കൂടുകയും ആത്മഹത്യ പോലുള്ള പ്രവണതകളിലേക്ക് ഇത് നയിക്കുകയും ചെയ്യും. അതുകൊണ്ട്, ജൂൺ 16-നു ശേഷമുള്ള ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ജൂവലറികൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.