കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2020-21) വായ്പയുടെയും നിക്ഷേപ വളർച്ചയുടെയും കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളിൽ ഒന്നാമതെത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2020-21-ൽ മൊത്തം വായ്പ 13.45 ശതമാനം വർധിച്ച് 1.07 ലക്ഷം കോടി രൂപയായി. നിക്ഷേപ സമാഹരണത്തിൽ 16 ശതമാനം വളർച്ചയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര കൈവരിച്ചത്.

കറന്റ് അക്കൗണ്ട്-സേവിങ്‌സ് അക്കൗണ്ടിൽ 24.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. മൊത്തം ബിസിനസ് 14.98 ശതമാനം ഉയർന്ന് 2.81 ലക്ഷം കോടി രൂപയായി. 2020-21-ൽ 550.25 കോടി രൂപയാണ് ബാങ്ക് അറ്റലാഭം നേടിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ലാഭം 42 ശതമാനം വർധിച്ചു. 388.58 കോടി രൂപയായിരുന്നു മുൻ സാമ്പത്തിക വർഷം ലാഭം.

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2021 മാർച്ച് അവസാനത്തോടെ മൊത്തം വായ്പയുടെ 7.23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2020 മാർച്ചിൽ ഇത് 12.81 ശതമാനമായിരുന്നു. കിട്ടാക്കടം ഇക്കാലയളവിൽ 12,152.15 കോടി രൂപയിൽനിന്ന് 7,779.68 കോടി രൂപയായി കുറഞ്ഞു. അറ്റ എൻ.പി.എ. 4.77 ശതമാനത്തിൽനിന്ന് 2.48 ശതമാനമായി കുറഞ്ഞു.