കോഴിക്കോട്: മാവൂർ റോഡ് അരയിടത്തുപാലത്തെ ഗോകുലം ഗലേറിയ മാൾ വ്യാഴാഴ്ച രാവിലെ 10-ന് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്യുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആറ്് നിലകളിലായി നാലരലക്ഷം സ്‌ക്വയർഫീറ്റുള്ള മാളിൽ 600 കാറുകൾക്ക് പാർക്ക് ചെയ്യാം. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടൽ, 30,000 സ്‌ക്വയർ ഫീറ്റുള്ള ഫുഡ് കോർട്ട്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, വലിയ സ്വിമ്മിങ് പൂൾ, ടെറസിലെ ലാൻഡ് സ്കേപ്പ്, വിപുലമായ മൾട്ടിപ്ലക്സ് എന്നിവയുമുണ്ട്.
കേരളത്തിൽ കുറച്ചുകൂടി വ്യവസായസൗഹൃദ അന്തരീക്ഷം ഉണ്ടാവേണ്ടതുണ്ടെന്നും സംരംഭകർക്ക് പ്രോത്സാഹനമേകുന്ന അന്തരീക്ഷം ഇവിടെ സംജാതമായാലേ നമ്മുടെ നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനാവൂ എന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ്, തെന്നിന്ത്യൻ ചലച്ചിത്ര നായിക ഇനിയ തുടങ്ങിയവർ പങ്കെടുക്കും. പിന്നണിഗായിക സിത്താര കൃഷ്ണകുമാർ, വയലിനിസ്റ്റ് ശബരീഷ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങിയവരൊരുക്കുന്ന കലാവിരുന്നുമുണ്ടാവും.
പത്രസമ്മേളനത്തിൽ ഡയറക്ടർ ഓപ്പറേഷൻസ് വി.സി. പ്രവീൺ, ബൈജു എം.കെ., ഹരി സുഹാസ്, എ.കെ. പ്രശാന്ത് എന്നിവരും പങ്കെടുത്തു.