കോഴിക്കോട്‌: കഴിഞ്ഞ മൂന്നുവർഷമായി പ്രധാനപ്പെട്ട വ്യാപാര സീസണുകളെല്ലാം പൂർണമായും നഷ്ടപ്പെട്ടതുകാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിലെ വസ്ത്രവ്യാപാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്‌ വിഷു, റംസാൻ, ഓണം സീസണുകളിൽ നടക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന വ്യാപാരത്തിലാണ്‌. ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക്‌ അല്പമെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകുന്ന വ്യാപാരികളെ കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിൽ പ്രതിസന്ധിയിലാക്കരുതെന്ന്‌ കേരള ടെക്‌സ്റ്റൈൽസ്‌ ആൻഡ്‌ ഗാർമെന്റ്‌സ്‌ ഡീലേഴ്‌സ്‌ അസോസിയേഷൻ അഭ്യർഥിച്ചു.

വലിയൊരുവിഭാഗം വ്യാപാരികളുെട നിലനിൽപ്പിനെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങൾ ഈ അവസരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും ഉറപ്പുവരുത്തിയാണ്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌. ഇലക്‌ഷൻ കഴിഞ്ഞതിന്റെ അടുത്ത ദിവസംമുതൽ കേരളത്തിലാകമാനം വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ്‌ ചെക്കിങ്ങിന്റെ പേരിൽ നിസ്സാരകാരണങ്ങൾക്കുപോലും പിഴചുമത്തി നോട്ടീസ്‌ നൽകുകയും ചില പ്രദേശങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്‌. പൊതുവേ ദുരിതത്തിലായിരിക്കുന്ന സ്ഥാപനങ്ങൾക്ക്‌ ഇത്തരം പീഡനങ്ങൾകൂടി താങ്ങാനുള്ള ശേഷിയില്ല. ഇത്തരം അനാവശ്യമായ പീഡനങ്ങൾ ഒഴിവാക്കാൻവേണ്ട നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം. അല്ലാത്തപക്ഷം കേരളത്തിലെ മുഴുവൻ വസ്ത്രവ്യാപാരികളും തൊഴിലാളികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം നിലനിൽപ്പിനുവേണ്ടിയുള്ള സമരങ്ങളിലേക്ക്‌ പോകേണ്ടിവരുമെന്നും വാക്സിനേഷൻ മുൻഗണനയിൽ വ്യാപാരികളെയും തൊഴിലാളികളെയും പരിഗണിക്കണമെന്നും കേരള ടെക്‌സ്റ്റൈൽസ്‌ ആൻഡ്‌ ഗാർമെന്റ്‌സ്‌ ഡീലേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി.എസ്‌. പട്ടാഭിരാമൻ, സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ മുജീബ്‌ ഫാമിലി, സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ, സംസ്ഥാന രക്ഷാധികാരിയായ ശങ്കരൻ സ്വയംവര, സംസ്ഥാന സെക്രട്ടറി വിനോദ്‌ മഹാലക്ഷ്മി, സംസ്ഥാന ട്രഷറർ എം.എൻ. ബാബു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.