കൊച്ചി: കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ‘പി.എം. വാണി’ പദ്ധതി കേരളത്തിൽ ആദ്യം എറണാകുളം ജില്ലയിൽ. എറണാകുളം സൗത്ത് സ്റ്റേഷന്ു സമീപമാണ് ആദ്യത്തെ വേൾഡ്ഷോർ വൈഫൈ ഹോട്ട്സ്പോട്ട് വരുന്നത്. ടെലി കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന്റെയും സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിന്റെയും സഹകരണത്തോടെ ‘വേൾഡ്ഷോർ നെറ്റ്‌വർക്സ് പ്രൈവറ്റ് ലിമിറ്റഡ്‌’ ആണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. ട്രാവൽ, ടൂറിസം, സോഫ്റ്റ്‌വേർ ഡെവലപ്മെന്റ് മേഖലകളിലും ഇന്റർനെറ്റ് സേവന രംഗത്തുമുള്ള വേൾഡ്ഷോർ തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രിയുടെ ‘വൈ ഫൈ ആക്സസ് നെറ്റ്‌വർക്‌ ഇന്റർഫേസ്’ ആണ് പി.എം. വാണി. ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ വൈഫൈ ഹോട്ട്സ്പോട്ട് സേവന കേന്ദ്രങ്ങൾ രാജ്യത്താകമാനം തുടങ്ങാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.