തൃശ്ശൂർ: അത്താണിയിലെ പൊതുമേഖലാസ്ഥാപനങ്ങളായ സ്റ്റീൽ ഇൻഡസ്‌ട്രിയൽസ്‌ കേരള ലിമിറ്റഡും (സിൽക്ക്‌), സ്റ്റീൽ ആൻഡ്‌ ഇൻഡസ്‌ട്രിയൽസ്‌ ഫോർജിങ്‌സും (എസ്‌.ഐ.എഫ്‌.എൽ.) ചേർന്ന്‌ കോവിഡ്‌ പ്രതിരോധചികിത്സയ്ക്ക്‌ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ ഉപകരണങ്ങൾ കൈമാറി. ആദ്യഘട്ടകൈമാറ്റം നിയുക്ത വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി നടത്തി.

ചടങ്ങിൽ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ േഡാ. ലോല ദാസും മറ്റു മുതിർന്ന ഡോക്ടർമാരും സിൽക്ക്‌, എസ്‌.ഐ.എഫ്‌.എൽ. എന്നീ കമ്പനികളെ പ്രതിനിധാനം ചെയ്ത്‌ മാനേജിങ്‌ ഡയറക്ടർ പി. സുരേഷ്‌ പുല്ലാനിക്കാടും ജീവനക്കാരും തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. 20 ഐ.സിയു. കട്ടിലുകൾ കൈമാറി. 50 ഓക്‌സിജൻ ഫ്‌ളോ മീറ്റർ കൂടി ഉടനടി നൽകുമെന്ന്‌ മാനേജിങ്‌ ഡയറക്ടർ അറിയിച്ചു.

ഓക്സിജൻ ഫ്ളോമീറ്ററിന്റെ അനുബന്ധസാമഗ്രികൾ കമ്പനി അടിയന്തരപ്രാധാന്യത്തോടെ നിർമിച്ചുനൽകും. ഒരേസമയം ഒരു ഓക്സിജൻ ഫ്ളോ മീറ്ററിൽനിന്ന്‌ രണ്ട്‌ രോഗികൾക്ക്‌ ഉപയോഗിക്കുവാനുതകുന്ന തരത്തിലുള്ള സംവിധാനം കമ്പനി വികസിപ്പിക്കുന്ന ജോലി ദ്രുതഗതിയിൽ പുരോഗതിയിലാണ്‌.