കൊച്ചി: ഇന്ത്യയിൽ ആദ്യമായി അണ്ടർവാട്ടർ ഡ്രോൺ നിർമിച്ച കേരളം ആസ്ഥാനമായ ഐറോവ് ടെക്‌നോളജീസ് എന്ന സ്റ്റാർട്ട്അപ്പിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി. ദേശീയ ടെക്‌നോളജി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഇത്തവണ മൂന്നു വിഭാഗങ്ങളിലായി 15 സ്റ്റാർട്ട്അപ്പുകളാണ് പുരസ്കാരത്തിന് അർഹരായത്. കേരളത്തിൽനിന്ന് ഈ വർഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്റ്റാർട്ട്അപ്പാണ് ഐറോവ്. 15 ലക്ഷം രൂപയാണ് അവാർഡ് തുക.

ഡാമുകൾ, എണ്ണപ്പാടങ്ങൾ, റെയിൽവേ പാലങ്ങൾ എന്നിവയുടെ അടിയിൽ ചെന്ന് ഫോട്ടോകളും വീഡിയോകളും എടുത്ത് പരിശോധിക്കാൻ സഹായിക്കുന്ന ഡ്രോണുകളാണ് ഐറോവിന്റേത്. കെ.എസ്.ഇ.ബി., റെയിൽവേ, ബി.പി.സി.എൽ. പോലുള്ള സ്ഥാപനങ്ങളാണ് ഗുണഭോക്താക്കൾ.

തിരുവനന്തപുരം സി.ഇ.ടി., ഐ.ഐ.ടി. ഡൽഹി എന്നിവിടങ്ങളിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എറണാകുളം പട്ടിമറ്റം സ്വദേശി ജോൺസ് ടി. മത്തായിയും സുഹൃത്ത് കണ്ണപ്പ പളനിയപ്പയും ചേർന്ന് കളമശ്ശേരി മേക്കർ വില്ലേജിൽനിന്ന് 2016-ലാണ് ഐറോവിന് തുടക്കമിട്ടത്. സാംസങ്ങിലും ഒരു റോബോട്ടിക്സ് കമ്പനിയിലും ജോൺസ് ജോലി ചെയ്തിട്ടുണ്ട്. സി.ഇ.ടി., ഐ.ഐ.ടി. മദ്രാസ് എന്നിവിടങ്ങളിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പളനിയപ്പയും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് സംരംഭക വഴിയിലേക്ക് എത്തിയത്.

അഞ്ചു വർഷം മാത്രം പ്രായമുള്ള ഈ സ്റ്റാർട്ട്അപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ബി.പി.സി.എല്ലും ഗെയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.