: ‘ഹലോ, എം.ജി...’ ഉറക്കെ വിളിച്ചപ്പോൾ മധുരമൊഴിയായി മറുപടി: ‘എന്തു സഹായം വേണം...?’ സൺറൂഫ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഖുൽജാ സിംസിം... സൺറൂഫ് തനിയെ തുറന്നു. ഇന്നത്തെ യാത്ര എം.ജി. ഗ്ലോസ്റ്ററിനൊപ്പമാണ്. കാഴ്ചയിൽ ബാഹുബലി, ഉള്ളിലാകട്ടെ ഫീച്ചറുകൾ കൊണ്ടുള്ള തൃശ്ശൂർ പൂരവും.

തലച്ചോറുള്ള വാഹനം

: സെൻസറുകളിലാണ് പൂർണ നിയന്ത്രണം. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം സെൻസറുകളാണ്. പ്രധാന ആകർഷണമായി തോന്നിയത് സുരക്ഷാ സംവിധാനങ്ങളാണ്. ഒരു ആഡംബര പ്രീമിയം കാറിൽ വേണ്ടതെല്ലാം അരക്കോടിക്ക്‌ താഴെയുണ്ട്. കമ്പനി പറയുന്നതുപോലെ തലച്ചോറുള്ള വാഹനങ്ങളുടെ കൂട്ടത്തിലേക്കുള്ള ആദ്യപടിയാണിതെന്നാണ്. സുരക്ഷയുടെ പല ഫീച്ചറുകളും അതിന്റ ആദ്യ പടിതന്നെയാണ്. അവയിൽ ചിലത് ഇതാണ്...

മുന്നിലുള്ള വാഹനത്തിന്റെ വേഗത്തിനനുസരിച്ച് സ്വയം വേഗം ക്രമീകരിക്കുന്നതാണ് ഇതിലെ അഡാപ്‌റ്റീവ് ക്രൂസ് കൺട്രോൾ. സെൻസറുകൾ തന്നെ ഇതിലും താരം.

ഫോർവേഡ് കൊളീഷൻ വാണിങ്, ഡ്രൈവറുടെ നിയന്ത്രണം പാളിപ്പോകുന്ന അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ഡ്രൈവർക്ക്‌ മുമ്പുതന്നെ അപകടം മനസ്സിലാക്കി, സ്വയം ബ്രേക്ക് അപ്ലൈ ചെയ്യുന്നു. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയാണെങ്കിൽ സെൻസറുകൾ വഴിയായിരിക്കും വാഹനം നിയന്ത്രണം ഏറ്റെടുക്കുക. ഓട്ടോമാറ്റിക് പാർക്കിങ്‌ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്‌ഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്... തുടങ്ങി നീളുകയാണിവ. ഏറ്റവും ആകർഷിച്ച ഫീച്ചറുകളായതുകൊണ്ടാണ് ആദ്യംതന്നെ പറഞ്ഞുവച്ചത്... സാധാരണ വമ്പൻ സ്രാവുകളിലാണ് ഇവയെല്ലാം ഒരുമിച്ചു കാണാറ്്‌.

ആകാരം

: ഇനി മറ്റു കാര്യങ്ങളിലേക്ക് വരാം. രൂപത്തിൽ ഒരു വമ്പൻ കാറാണിത്. അഞ്ച് മീറ്ററിനടുത്ത് വലിപ്പവും 19 ഇഞ്ചിന്റെ വമ്പൻ ടയറിലുള്ള ഉയർന്നുനിൽപ്പുമെല്ലാം കണ്ടാൽ ആരുമൊന്ന്‌ നോക്കും. മുന്നിലെ വലിയ ഷഡ്ഭുജ ഗ്രിൽ തന്നെയുണ്ട് കാഴ്ചയ്ക്ക്. എം.ജി.യുടെ ചരിത്രം പേറുന്ന ജെറ്റ് എൻജിനിൽ നിന്നാണത്രെ ഗ്ലോസ്റ്റർ എന്ന പേര് കണ്ടെത്തിയത്. പ്രൊജക്ടഡ് എൽ.ഇ.ഡി. ഹെഡ്‌ ലാമ്പുകൾ യാത്രകൾക്കനുസരിച്ച് സ്വയം ക്രമീകരിക്കും. ഫോഗ്‌ലാമ്പുകളും വളവിനനുസരിച്ച് വെളിച്ചം വിതറുന്നതാണ്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിലും ഗ്ലോസ്റ്ററിന് ചന്തമേറെയാണ്. പ്രധാനമായും ഉയർന്ന വീൽ ആർച്ചുകളും കടുത്ത ബോഡി ലൈനുകളും ജനൽപ്പടിയിലൂടെ മുകളിലേക്കുയരുന്ന വെള്ളി വരകളുമെല്ലാം. പിന്നിലെ റേസ്ട്രാക്കിൽ നിന്നാണത്രെ ടെയിൽ ലാമ്പുകൾ പിറവിയെടുത്തത്. ‘ഗ്ലോസ്റ്റർ’ എന്ന് ബമ്പറിന് തൊട്ടുമുകളിൽ വ്യാപിച്ചുകിടക്കുന്നു. ഇരട്ട എക്സ്‌ഹോസ്റ്റ് പൈപ്പുകളുമാകുമ്പോൾ പിൻചന്തം ആവശ്യത്തിനാവുന്നുണ്ട്.

ഉള്ളിൽ പന്തുകളിക്കാനുള്ള സ്ഥലമുണ്ട്. വിശാലമായ ഗ്രൗണ്ട്. പിന്നിലെ രണ്ടും മൂന്നും നിരകൾ സ്ഥലംകൊണ്ട്‌ സമൃദ്ധമാണ്. രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ്. പിന്നിലെ നിരയിൽ മൂന്നുപേർക്കും സുഖമായിരിക്കാം. തുകൽ പൊതിഞ്ഞതാണ് ഡാഷ്‌ബോർഡ്. 20.32 സെന്റിമീറ്ററുള്ള വിശാലമായ ഡിസ്‌പ്ലേ പരന്നുകിടക്കുന്നു. ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഡിജിറ്റലാണ്. വാഹനത്തിന്റെ സാങ്കേതിക വിവരങ്ങൾ എല്ലാം ഇവിടേയും ലഭിക്കും. ടയറിലെ കാറ്റ്, സർവീസ് സമയം... എന്നിങ്ങനെ.

സ്മൂത്ത് ഡ്രൈവിങ്

: ഡ്രൈവിങ്‌ സീറ്റിലിരുന്നാൽ വിശാലമാണ് കാഴ്ച. സ്റ്റിയറിങ്ങിൽ പിടിച്ചാൽ വലിയ വണ്ടി എന്നൊരു തോന്നലുണ്ടാവില്ല. ഡ്രൈവിങ്ങും സ്മൂത്താണ്. ഡ്രൈവിങ് സീറ്റ് 12 തരത്തിൽ ക്രമീകരിക്കാം. പുറംതണുപ്പിക്കാനും ചൂടാക്കാനും മസാജിങ്ങും എല്ലാമുണ്ട്. അതു പോരാതെ 64 നിറങ്ങളിൽ അകത്തളം സുന്ദരമാക്കാനും കഴിയും. 2.0 ലിറ്റർ ട്വിൻ ടർബോ എൻജിൻ ആവശ്യത്തിന് കരുത്ത് നൽകുന്നുണ്ട്.

ഓഫ് റോഡുകൾക്കായി ഫോർവീൽ ഡ്രൈവ് തിരഞ്ഞെടുക്കാം. ഇതിനായി ഏഴ്‌ മോഡുകൾ തിരഞ്ഞെടുക്കാം... സ്നോ, സാൻഡ്, ഇക്കോ, മഡ്, ഓട്ടോ, റോക്ക്, സ്പോർട്ട് എന്നിവയാണിവ. ആവശ്യത്തിന് റെസ്‌പോൺസ് തരുന്നതാണ്‌ ഈ മോഡുകൾ. സ്മൂത്താണ് ഡ്രൈവിങ്, എൻജിൻ പുറപ്പെടുവിക്കുന്ന ശബ്ദവും കുറവാണ്. അകത്തേക്ക് കേൾക്കുകയേയില്ല.

വില

: 29.96 ലക്ഷം രൂപ മുതൽ 35.59 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ എക്സ്‌ ഷോറൂം വില വരുന്നത്. 12 കിലോമീറ്റർ വരെ മൈലേജും ലഭിക്കുമെന്നാണ് ഉപഭോക്താക്കൾ അനുവഭവസാക്ഷ്യമായി പറയുന്നത്.

Specifications

Engine Type Diesel 2.0 Twin Turbo

Displacement (cc) 1996 Max Power 215.01bhp@4000rpmMax Torque 480nm@1500-2400rpm

TransmissionType Automatic Gear Box8 Drive Type4 WD

Length 4985 (mm)

Width 1926 (mm)

Height 1867 (mm)

Wheel Base 2950 (mm)