കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻക്യുബേറ്റ് ചെയ്ത ‘റിയാഫൈ ടെക്‌നോളജീസി’ന് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ‘ഹ്വാവെയ്‌’യുടെ നാല് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ. 170-ഓളം രാജ്യങ്ങളിൽനിന്ന് 1.4 ദശലക്ഷം ഡെവലപ്പർമാർ പങ്കെടുത്ത ഹ്വാവെയ് എച്ച്.എം.എസ്. ആപ്പ് ഇന്നൊവേഷൻ മത്സരത്തിൽ നിന്നാണ് റിയാഫൈക്ക് നാല് പുരസ്‌കാരങ്ങൾ ലഭിച്ചത്. മികച്ച ആപ്പ്, ഏറ്റവും ജനപ്രീതിയാർജിച്ച ആപ്പ്, രണ്ട് ബഹുമതി പരാമർശങ്ങൾ എന്നിവയാണ് റിയാഫൈക്ക് ലഭിച്ചത്.

റിയാഫൈ വികസിപ്പിച്ച ലേൺ ക്രാഫ്റ്റ്‌സ് ആൻഡ് ഡി.ഐ.വൈ. ആർട്‌സിനാണ് മികച്ച ആപ്പിനുള്ള പുരസ്‌കാരം ലഭിച്ചത്. കേക്ക് റെസിപ്പിയാണ് ഏറ്റവും ജനപ്രീതിയാർജിച്ച ആപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ, ബഹുമതി പരാമർശവും ഈ ആപ്പ് കരസ്ഥമാക്കി.

ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണ് ‘കുക്ക്ബുക്ക് റെസിപ്പി’. ഹ്വാവെയ് മത്സരത്തിൽ രണ്ടാമത്തെ ബഹുമതി പരാമർശം ലഭിച്ചതും ഈ ആപ്പിനാണ്.

2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും റിയാഫൈ ഏറെ സാങ്കേതിക സേവനങ്ങൾ നൽകിയിരുന്നു. സുഹൃത്തുക്കളായ ആറ്്‌ എൻജിനീയർമാർ ചേർന്ന് 2013-ലാണ് റിയാഫൈ ആരംഭിച്ചത്.