: ഇന്ത്യൻ ഇലക്‌ട്രിക് വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റുമായി എത്തുകയാണ് ‘ഒല’ ഇലക്‌ട്രിക് സ്കൂട്ടർ. വൈദ്യുത വാഹനങ്ങൾക്ക് ജനപ്രീതി ഉയരുന്ന കാലത്താണ് ഒലയുടെ ഈ വിപ്ലവകരമായ മാറ്റം. വെബ്സൈറ്റിൽ വെറും 500 രൂപ നൽകി ബുക്ക് ചെയ്താൽ വണ്ടി കൈമാറുമ്പോൾ മാത്രം ബാക്കി പണം നൽകിയാൽ മതി. ഈ ഓഫർ സൂപ്പർ ഹിറ്റായതിനു പിന്നാലെ, വണ്ടിയുടെ വിലപ്രഖ്യാപനവും ഒല നടത്തി.

എസ് വൺ, എസ് വൺ പ്രോ എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തിയ സ്കൂട്ടറിന്റെ ഷോറൂം വില 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ്.

മികച്ച പെർഫോമൻസ്

എസ് വൺ ഒറ്റച്ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ, എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. എസ് വണ്ണിന്റെ ഉയർന്ന വേഗം 90 കിലോമീറ്ററും എസ് വൺ പ്രോയുടെത് 115 കിലോമീറ്ററുമാണ്. 8.5 കിലോവാട്ടാണ് സ്കൂട്ടറിന്റെ കരുത്ത്. ഒക്ടോബർ മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.

സ്കൂട്ടർ വിപണിയിലെ ഏറ്റവും മികച്ച പെർഫോമൻസുമായിട്ടാണ് സീരീസ് വൺ എത്തുന്നത്. പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗത്തിലെത്താൻ മൂന്ന് സെക്കൻഡും 60 കിലോമീറ്റർ വേഗത്തിലെത്താൻ അഞ്ച് സെക്കൻഡും മാത്രം മതി.

മൂന്ന് ജി.ബി. റാമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇൻട്രുമെന്റ് ക്ലസ്റ്ററിൽ. ക്രൂസ് കൺട്രോൾ, കീലെസ് എൻട്രി, ഇൻബിൽറ്റ്‌ സ്പീക്കറുകൾ, വോയിസ് കൺട്രോൾ, പേഴ്സണലൈസ് മൂഡ്സ് ആൻഡ്‌ സൗണ്ട്, റിവേഴ്സ് ഗിയർ, ഹിൽ ഹോൾഡ് തുടങ്ങിയ ഫീച്ചറുകൾ സ്കൂട്ടറിലുണ്ട്.

പുത്തൻ നിറങ്ങൾ

പത്ത് നിറങ്ങളിലാണ് എസ് സീരീസ് സ്കൂട്ടറുകൾ എത്തുന്നത്. പുത്തൻ നിറക്കൂട്ടുകളാണ് ഒലയുടെ ചാരുത വർധിപ്പിക്കുന്നത്. ലാളിത്യം തുളുമ്പുന്നതും വേറിട്ടുനിൽക്കുന്നതുമായ രൂപകല്പനാ ശൈലി സമ്മാനിക്കുന്ന കാഴ്ചപ്പകിട്ടിനൊപ്പം എൽ.ഇ.ഡി. ലൈറ്റിങ് പാക്കേജും വർണവൈവിധ്യവുമൊക്കെ ചേരുന്നതോടെ വൈദ്യുത ഇരുചക്രവാഹന വിപണിയിൽ തരംഗമാവാൻ സീരീസ് എസിന്‌ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒല ഇലക്‌ട്രിക്.

അരങ്ങേറ്റത്തിന്‌ മുന്നോടിയായി ബുക്കിങ് സ്വീകരിച്ചുതുടങ്ങിയതോടെ തകർപ്പൻ വരവേൽപ്പാണ് സ്കൂട്ടറിന്‌ ലഭിച്ചതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകംതന്നെ ഒരു ലക്ഷം യൂണിറ്റ് ബുക്കിങ് പിന്നിട്ടതായും ഒല പ്രഖ്യാപിച്ചിരുന്നു.

ഏറ്റവുമധികം സംഭരണസ്ഥലം, താക്കോലിന്‌ പകരം മൊബൈൽ ആപ്ലിക്കേഷൻ, ഒറ്റച്ചാർജിൽ ഈ വിഭാഗത്തിലെതന്നെ ഏറ്റവും ഉയർന്ന സഞ്ചാര പരിധി (റേഞ്ച്) എന്നിവയൊക്കെയാണ്‌ പുതിയ സ്കൂട്ടറിൽ ഒല വാഗ്ദാനം ചെയ്യുന്നത്. പൂർണ എൽ.ഇ.ഡി. ലൈറ്റിങ്, ഫാസ്റ്റ് ചാർജിങ് സൗകര്യം, മുന്നിൽ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയും സ്കൂട്ടറിലുണ്ടാവും.

അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ്‌ സ്കൂട്ടറിലെ മറ്റൊരു സവിശേഷത. വെറും 18 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഒലയുടെ വാഗ്ദാനം. പാതി ചാർജിൽത്തന്നെ 75 കിലോമീറ്റർ ഓടാനും സ്കൂട്ടറിനാവും.