കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവുമധികം തുക ചെലവഴിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ ഐ.ടി. കമ്പനിയായ വിപ്രോയുടെ മേധാവി അസിം പ്രേംജി ഒന്നാം സ്ഥാനത്ത്. 2019-20 സാമ്പത്തിക വർഷം അദ്ദേഹം 7,904 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിെവച്ചത്. അതായത്, പ്രതിദിനം 22 കോടി രൂപ. ഹുറുൺ റിപ്പോർട്ട് ഇന്ത്യയും എഡെൽഗീവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ പട്ടികയിലാണ് എച്ച്.സി.എൽ. ടെക്‌നോളജീസിന്റെ ശിവ് നാടാരെ (795 കോടി രൂപ) പിന്തള്ളി അസിം പ്രേംജി ഒന്നാമതെത്തിയത്.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. ഒരു വർഷം കൊണ്ട് 68 കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് അദ്ദേഹം മുന്നിലെത്തിയത്. ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്താണ് അദ്ദേഹം. ആരോഗ്യ പരിപാലന രംഗത്താണ് അദ്ദേഹം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്.

ഇൻഫോസിസ് സഹ സ്ഥാപകരായ ക്രിസ് ഗോപാലകൃഷ്ണൻ (50 കോടി രൂപ), എസ്.ഡി. ഷിബുലാൽ (32 കോടി രൂപ), വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (16 കോടി രൂപ) എന്നിവരാണ് മുൻനിരയിലെത്തിയ മറ്റു മലയാളികൾ.

10 കോടി രൂപ വീതം സംഭാവന ചെയ്ത് ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, എം.ജി. ജോർജ് മുത്തൂറ്റ് (എല്ലാവരും മുത്തൂറ്റ് ഫിനാൻസ്), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ എന്നിവരും പട്ടികയിൽ ഇടം നേടി.

കൂടുതൽ സംരംഭകർക്കും വരുംതലമുറയ്ക്കും ഈ പട്ടിക പ്രചോദനമാകുമെന്ന് കരുതുന്നതായി ഹുറുൺ ഇന്ത്യ മാനേജിങ് ഡയറക്ടർ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.