കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 41.09 ശതമാനം വർധിച്ച് 130.42 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 92.44 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്റെ മൊത്തം ബിസിനസ് 35.06 ശതമാനം വളർച്ചയോടെ 15,582 കോടി രൂപയിലെത്തി. നിക്ഷേപം 35.38 ശതമാനം വർധിച്ച് 8,208 കോടി രൂപയിലെത്തിയപ്പോൾ മൊത്തം വായ്പ 34.70 ശതമാനം വർധിച്ച് 7,374 കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനത്തിൽനിന്ന്‌ 0.19 ശതമാനമായി കുറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തിൽ നിന്ന്‌ സൂക്ഷ്മ-ചെറുകിട സംരംഭകർ കരകയറിത്തുടങ്ങി എന്നാണ് ഈ ഫലം കാണിക്കുന്നതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പോൾ തോമസ് പറഞ്ഞു.