കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന, സോഫ്റ്റ്‌വേർ അധിഷ്ഠിത റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവർ സൊലൂഷൻ ഒരുക്കുന്ന ‘ഇൻടോട്ട് ടെക്‌നോളജീസി’ന് കേന്ദ്ര സർക്കാരിന്റെ ബഹുമതി. ദേശീയ ടെക്‌നോളജി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയത്തിനു കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ എം.എസ്.എം.ഇ. വിഭാഗത്തിലാണ് ഇൻടോട്ടിന് അംഗീകാരം ലഭിച്ചത്. 15 ലക്ഷം രൂപയുടേതാണ് പുരസ്കാരം.

ഫിലിപ്‌സ്, വിപ്രോ എന്നിവിടങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള തിരുവനന്തപുരം സ്വദേശി രാജിത്ത് നായരും വിപ്രോയിൽ സഹപ്രവർത്തകനായിരുന്ന പ്രശാന്ത് തങ്കപ്പനും ചേർന്ന് 2014-ൽ തുടങ്ങിയ സ്റ്റാർട്ട്അപ്പാണ് ഇൻടോട്ട്. കൊച്ചി ഇൻഫോ പാർക്കിലാണ് ഓഫീസ്. തിരുവനന്തപുരം സി.ഇ.ടി., ഐ.ഐ.ടി. മദ്രാസ് എന്നിവിടങ്ങളിലായി എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആളാണ് രാജിത്ത്. കോതമംഗലം എം.എ. എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥിയാണ് ആലുവ സ്വദേശിയായ പ്രശാന്ത്.

റേഡിയോ റിസീവർ രംഗത്ത് ഡിജിറ്റൽവത്കരണത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യ ഒരുക്കുന്ന ഇൻടോട്ട് ഒട്ടേറെ ആഗോള കമ്പനികൾക്കു വേണ്ടിയാണ് സേവനം ലഭ്യമാക്കുന്നത്. യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്‌സ് മൂന്നു കോടി രൂപയുടെ മൂലധന ഫണ്ടിങ് നടത്തിയിട്ടുണ്ട്.