കൊച്ചി: സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് അഞ്ച് ഉപായങ്ങൾ മുന്നോട്ടുവച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന വെർച്വൽ മീറ്റിങ്ങിലാണ് സി.ഐ.ഐ. പ്രതിനിധികൾ സാമ്പത്തിക ഉന്നമനത്തിന് ആവശ്യമായ നടപടികളെക്കുറിച്ച് സംസാരിച്ചത്. സി.ഐ.ഐ. കേരള ഘടകം ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ആണ്‌ പ്രതിനിധിസംഘത്തെ നയിച്ചത്.

കോവിഡ്-19 ആഘാതം സംസ്ഥാനത്തെ വ്യാവസായിക പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചതായി സംഘം വ്യക്തമാക്കി. കേരളത്തിലെ 95 ശതമാനം ബിസിനസുകളും എം.എസ്.എം.ഇ. വിഭാഗത്തിൽപ്പെടുന്നതാണ്. ലോക്ഡൗൺ, കൺടെയ്ൻമെന്റ് സോൺ എന്നിവ കാരണം തൊഴിൽ നഷ്ടം, ബിസിനസ് നഷ്ടം, സാമ്പത്തിക പ്രതിസന്ധി എന്നിവ കൂടിവരുന്നതായും സി.ഐ.ഐ. ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ കേരള സർക്കാർ ശ്രദ്ധിക്കണം. കേന്ദ്രീകൃത വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു റോഡ് മാപ്പും നയവും സൃഷ്ടിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സി.ഐ.ഐ. അറിയിച്ചു.

അഞ്ചിന നിർദേശങ്ങൾ

1. കേരളത്തിലെ ആരോഗ്യ അടിസ്ഥാനസൗകര്യം വേണ്ടത്ര ശക്തമായതിനാൽ, ലോക്ഡൗൺ, കൺടെയ്ൻമെന്റ് സോൺ തുടങ്ങിയ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നത് കേരള സർക്കാർ അവസാനിപ്പിക്കണം.

2. ശരിയായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് എല്ലാ ബിസിനസ് പ്രവർത്തനങ്ങളും അനുവദിക്കണം.

3. പരിശോധനയും പിന്തുടരലും വർധിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ജനങ്ങളുടെയും വസ്തുക്കളുടെയും ചലനത്തെ ഒരു സാഹചര്യത്തിലും തടസ്സപ്പെടുത്തരുത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തുന്ന ആളുകളെ, ജോലിസ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിനാൽ, നിയന്ത്രിക്കരുത്. ദീർഘദൂര യാത്രയിലോ വിമാനങ്ങളിലോ എത്തുന്നവരെ സംബന്ധിച്ചിടത്തോളം, രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രം ക്വാറന്റീൻ നിർദേശിക്കുക.

4. ഒരു വ്യക്തി കോവിഡിന്റെ ലക്ഷണങ്ങൾ കാണിക്കാതിരിക്കുകയാണെങ്കിൽ, പോസിറ്റീവ് പരിശോധന നടത്തിയില്ലെങ്കിലും ക്വാറന്റീൻ നിർബന്ധമാക്കരുത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും യാത്രചെയ്യുന്നവർ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണ്. മാർഗനിർദേശങ്ങൾ അനുസരിച്ച് ഭേദഗതി വരുത്താൻ കേരള സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കണം.

5. പകർച്ചവ്യാധി ഫലപ്രദമായി പരിഹരിക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകളുടെ ശ്രദ്ധയും ഉത്തരവാദിത്വവും സർക്കാരിൽ നിന്ന് പൊതുജനങ്ങളിലേക്ക് മാറണം. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലൂടെ പതിവ് സാമ്പത്തിക പ്രവർത്തനം അനുവദിച്ചുകൊണ്ട് ഇത്‌ ചെയ്യാൻ കഴിയും.

വൈറസ് പടരുന്നത് കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ തുടരുന്നതിനും സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരാമർശിച്ചു. ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസ്‌ റിപ്പോർട്ട് ചെയ്ത ആദ്യത്ത സംസ്ഥാനം കേരളമാണെങ്കിലും സർക്കാർ സ്വീകരിച്ച നടപടികൾ കാരണം, കോവിഡിന്റെ പ്രഭാവം കുറഞ്ഞു.

കൺടെയ്ൻമെന്റ് സോണിനുള്ളിലെ ഫാക്ടറികൾക്കും ബിസിനസുകൾക്കും അതേ പ്രദേശത്ത് താമസിക്കുന്ന ജീവനക്കാരുമായി പ്രവർത്തിക്കാൻ കഴിയുന്നിടത്തോളം കാലം പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.