തൃശ്ശൂർ: ഔഷധി നിർമിച്ച്‌ വിതരണം ചെയ്യുന്ന ‘പഞ്ചഗവ്യഘൃതം’ എന്ന മരുന്നുമായി ബന്ധപ്പെട്ട്‌ വ്യാജപ്രചാരണം നടക്കുന്നതായി മാനേജിങ്‌ ഡയറക്ടർ കെ.വി. ഉത്തമൻ അറിയിച്ചു. ഔഷധിയുടെ വെബ്‌സൈറ്റിൽ ഔഷധി ഉത്‌പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതിൽനിന്നു ലഭിച്ച വിവരങ്ങൾവെച്ചാണ്‌ വിവിധ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം.

ഒൗഷധി പുതുതായി വിപണിയിൽ ഇറക്കിയ മരുന്ന്‌ എന്ന രീതിയിലാണ്‌ വ്യാജപ്രചാരണം നടക്കുന്നത്‌. എന്നാൽ, സ്ഥാപനം തുടങ്ങിയ കാലംമുതൽ ഈ മരുന്ന്‌ നിർമിച്ചുവരുന്നുണ്ട്‌. സർക്കാർ ഡിസ്‌പെൻസറികളിലും ഒൗഷധി ഔട്ട്‌ലെറ്റ്‌ വഴിയും കാലങ്ങളായി ഈ മരുന്ന്‌ വിതരണം ചെയ്യുന്നുമുണ്ട്‌. അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരമാണ്‌ ഈ മരുന്ന്‌ തയ്യാറാക്കുന്നത്‌.

ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ആയുർവേദ നിർമാതാക്കളെല്ലാം ഈ മരുന്ന്‌ നിർമിച്ച്‌ വില്പന നടത്തുന്നുമുണ്ടെന്ന്‌ കെ.വി. ഉത്തമൻ പറഞ്ഞു.