മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരിൽ ഒരു കോടി രൂപയ്ക്കുമേൽ ശമ്പളം വാങ്ങുന്നത് നൂറിലേറെ പേർ. 2018-19 സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരം 103 പേരാണ് ഒരു കോടി രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നത്.
ഇന്ത്യക്കു പുറത്ത് ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കാർ, കമ്പനി സി.ഇ.ഒ., സി.ഒ.ഒ. എന്നിവരെ കൂടാതെയാണ് ഇത്രയും പേർ. 2017-ൽ ഇത് 91 പേരായിരുന്നു.
നാല് കോടി രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവരും ടി.സി.എസിലുണ്ട്. ലൈഫ് സയൻസ് ആൻഡ് ഹെൽത്ത് കെയർ വിഭാഗം തലവനായ ദേബാഷിഷ് ഘോഷിന്റെ ശമ്പളം 4.7 കോടി രൂപയാണ്. ബിസിനസ് ആൻഡ് ടെക്‌നോളജി സർവീസിന്റെ തലവനായ കൃഷ്ണ രാമാനുജത്തിന്റേത് 4.1 കോടി രൂപയും. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷൂറൻസ് ബിസിനസ് എന്നിവയുടെ തലവനായ കെ. കൃതിവാസന്റെ ശമ്പളം 4.3 കോടിയാണ്. ചീഫ് ടെക്‌നോളജി ഓഫീസറായ കെ. ആനന്ദ് കൃഷ്ണന് 3.5 കോടി രൂപ.
ഒരു കോടി രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നതിൽ 72 വയസുള്ള ബരിന്ദ്ര സന്യാലാണ് (ഫിനാൻസ് വൈസ് പ്രസിഡന്റ്) എറ്റവും പ്രായം കൂടിയ വ്യക്തി.
രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസ് 60 പേർക്കാണ് ഒരു കോടി രൂപയ്ക്കു മേൽ ശമ്പളം നൽകുന്നത്.