ഇന്ത്യയിലെ പതിനൊന്നാമത്തെ വലിയ സമ്പദ്ഘടനയാണ് കേരളം. വിദ്യാഭ്യാസം, പൊതുഗതാഗതം, ആരോഗ്യം, ശുചിത്വം തുടങ്ങി എന്തു വിഷയം എടുത്താലും മികച്ച സാമൂഹികാന്തരീക്ഷമാണ് കേരളത്തിന്റേത്. പ്രാഥമിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ പല കാര്യങ്ങളിലും മികച്ച മുന്നേറ്റം നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. 2018-ൽ നിപ രോഗബാധയെ തുരത്തിയത് ആരോഗ്യരക്ഷാ രംഗത്ത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണ്. 90 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ചതും മാതൃകാപരമായിരുന്നു.
ഉയർന്ന സാമൂഹിക നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക വളർച്ച കൂടി കൈവരിക്കാനായാലേ ഏതൊരു സംസ്ഥാനത്തിനും മുന്നേറാനാകുകയുള്ളൂ. പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുക്കുമ്പോൾ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങൾക്ക് കാലാകാലങ്ങളിൽ സേവന നിരക്ക് ഉയർത്തേണ്ടി വരും. അല്ലെങ്കിൽ, അത് സർക്കാരിന് വലിയ ബാധ്യതയായി മാറും. കേരളത്തിന്റെ തനതായ ശക്തികൾ നിലനിർത്തിക്കൊണ്ട് മുന്നേറാൻ ‘എ.ബി.സി.ഡി.ഇ.’ എന്ന മാതൃക മുന്നോട്ടുവയ്ക്കുകയാണ് ഇവിടെ.
A - Agriculture / കൃഷി
സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കയർ തുടങ്ങിയവ കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളാണ്. സർക്കാർ വിഹിതം, സബ്സിഡി, മെച്ചപ്പെട്ട വിള ഇൻഷുറൻസ്, തറവില, വെയർഹൗസ് പോലുള്ള മികച്ച സംഭരണശാലകൾ, വെയർഹൗസ് ഫിനാൻസിങ് തുടങ്ങിയവയിലൂടെ സംസ്ഥാനത്തിന് ഈ മേഖലകളെ കൂടുതൽ കരുത്തുറ്റതാക്കാനാകും. സാമ്പത്തിക നേട്ടമുണ്ടായാലേ കൃഷിയിലേക്ക് കൂടുതൽ താത്പര്യം ജനിക്കുകയുള്ളൂ. അതിനായി മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനാകണം. ഗുജറാത്തിലെ ക്ഷീരവിപ്ലവത്തിലെന്ന പോലെ കർഷകരിൽനിന്ന് വിള സംഭരിക്കാനുള്ള മാതൃകകൾ വികസിപ്പിക്കേണ്ടതുണ്ട്.
വടക്കൻ കേരളത്തിൽ കയർ രംഗത്ത് പ്രവർത്തിക്കുന്ന ‘എംബയോം’ എന്ന സംരംഭം ഇത്തരത്തിലുള്ള ആധുനിക സംഭരണ മാതൃകയ്ക്ക് മികച്ച ഉദാഹരണമാണ്. സാങ്കേതികവിദ്യയുടെ പിൻബലമുള്ള, ബാങ്കുകളുമായി പങ്കാളിത്തമുള്ള ഇൻക്യുബേഷൻ കേന്ദ്രങ്ങളിലൂടെ ചെറുകിട കർഷകരെ കൈപിടിച്ചുയർത്താനും കാർഷിക രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനും കേരളത്തിന് കഴിയും.
B - Back Office to the world
/ലോകത്തിന്റെ ബാക്ക് ഓഫീസ്
മുംബൈക്ക് ഇന്ത്യയുടെ ധനകാര്യ കേന്ദ്രമാകാൻ കഴിയുമെങ്കിൽ നല്ല വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള ചെറുപ്പക്കാർ ഏറെയുള്ള കേരളത്തിന് ദക്ഷിണേന്ത്യയുടെ ഫിനാൻഷ്യൽ ഹബ്ബ് ആയി മാറാനാകും.
എണ്ണ ശുദ്ധീകരണ ശാല, ഷിപ്പിങ്, ബാങ്കിങ് ആൻഡ് ഫിനാൻസ്, ടൂറിസം തുടങ്ങി സിങ്കപ്പൂരിലേതിനു സമാനമായ വ്യവസായങ്ങൾ ഏറെയുണ്ട് കേരളത്തിനും. കേരളത്തിന്റെയും സിങ്കപ്പൂരിന്റെയും ശക്തികേന്ദ്രങ്ങൾ സമാനമാണ്. അതിനാൽത്തന്നെ ധനകാര്യ-വിദ്യാഭ്യാസ മേഖലകളിലെ ഹബ്ബ് ആയി മാറുക എന്ന സ്വപ്നം കേരളത്തിന് എളുപ്പത്തിൽ പൂവണിയിക്കാം. അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി) പോലെയും വിദ്യാഭ്യാസ ലക്ഷ്യസ്ഥാനങ്ങൾ പോലെയും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ കേരളത്തിന് ശേഷിയുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ കേരളത്തിൽ ഡിജിറ്റൽ ഹബ്ബ് തുടങ്ങുന്നത് ഈ രംഗത്ത് കേരളത്തിനുള്ള ശേഷിയുടെ തെളിവാണ്.
C - Centre of Tourism
/ടൂറിസം കേന്ദ്രം
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ അനുഭവതലത്തിൽ മാറ്റങ്ങൾ സമ്മാനിക്കാൻ നമുക്ക് കഴിയണം. സഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ഒരുക്കുന്നതു മുതൽ, അടിസ്ഥാന സൗകര്യം, ആതിഥ്യം, സുരക്ഷ, സഹായം എന്നിവയിലൊക്കെ പുതിയ അനുഭവം പ്രദാനം ചെയ്യാനാകണം.
കേരളം കണ്ട് മടങ്ങിയ സഞ്ചാരികളുമായി ആശയവിനിമയം തുടരാൻ കൂടി കഴിയുന്ന തലത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കാനാകണം. ഇവിടം കണ്ടുമടങ്ങുന്ന സഞ്ചാരികളാണ് കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറേണ്ടത്. മികച്ച ആതിഥ്യമാണ് ഇവിടെ ലഭിക്കുന്നതെന്ന സന്ദേശം അവർ പങ്കുവച്ചാൽ കൂടുതൽ പേർ എത്തും.
പ്രകൃതിസൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. അത് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് വേണ്ടത്. കലാസ്നേഹികൾക്ക് കൊച്ചി മുസിരിസ് ബിനാലെ വലിയ അനുഭവമാണ് സമ്മാനിക്കുന്നത്. അതിനെ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള സംരംഭം പരിഗണിക്കാവുന്നതാണ്. അതിനെ വലിയ തോതിൽ വളർത്തി, ഓഹരി വില്പനയിലൂടെ സ്റ്റോക് എക്സ്ചേഞ്ചുകളിൽ പോലും ലിസ്റ്റ് ചെയ്യാനാകും.
മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകളും ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. അലോപ്പതിയിലും ആയുർവേദത്തിലും വലിയ സാധ്യതകളാണ് മുന്നിലുള്ളത്. ഈ രംഗത്ത് കൂടുതൽ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാൻ കഴിയും. ഈ രംഗത്ത് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി വിദേശങ്ങളിലെ ആശുപത്രികളുമായി ടൈ-അപ്പുകളുണ്ടാക്കുന്നത് ഗുണകരമായിരിക്കും. വിശ്വാസ്യതയും സുരക്ഷിതത്വവും കാത്തുസൂക്ഷിച്ചുകൊണ്ടുമാത്രമേ ഈ രംഗത്ത് മുന്നേറാൻ കഴിയുകയുള്ളൂവെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
D - Digital (IT & IT enabled services) / ഐ.ടി. സേവനങ്ങൾ
ഐ.ടി., ഐ.ടി. അധിഷ്ഠിത മേഖലകളിൽ കേരളത്തിന് കൂടുതൽ മുന്നേറാൻ അവസരമുണ്ട്. യു.എസ്. വിസ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇടത്തരം ഇന്ത്യൻ ഐ.ടി. കമ്പനികളിലേക്ക് പല ജോലികളും എത്തും. വളർന്നുവരുന്ന ഐ.ടി. ഹബ്ബ് എന്ന നിലയിൽ കേരളത്തിന് ഇത് വലിയ സാധ്യതയായിരിക്കും തുറന്നുതരിക. കേരളത്തിലേക്ക് വരാൻ താത്പര്യം കാണിക്കുന്ന ഐ.ടി. കമ്പനികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കാൻ സർക്കാരിന് കഴിയണം.
E - Enhanced Infrastructure
/ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യമാണ് കേരളത്തിലുള്ളത്. റോഡുകൾ, ജലഗതാഗതം, വെയർഹൗസുകൾ പോലുള്ള സംഭരണ ശാലകൾ എന്നിവ കൂടി മെച്ചപ്പെടുത്താനായാൽ അടിസ്ഥാന സൗകര്യ രംഗത്ത് സ്വർഗം തീർക്കാൻ കേരളത്തിന് കഴിയും.
കേരളം പുതിയൊരു യുഗത്തിന്റെ പുലരിയിലാണ്. ഒരു സംസ്ഥാനത്തിന്റെ വികസനം അതിന്റെ സാമ്പത്തിക വളർച്ച, പ്രതിയോഹരി വരുമാനം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. ജീവിതനിലവാരം, ശുചിത്വമുള്ള പരിസരം, മെച്ചപ്പെട്ട നിയമവാഴ്ച, സർക്കാർ സംവിധാനങ്ങളുടെ ലളിതവും സൗഹൃദപരവുമായ പ്രവർത്തനം, അഴിമതിരാഹിത്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ കൂടി വളർച്ചയുടെ ലക്ഷണങ്ങളാണ്. ഇവയൊക്കെ കണക്കിലെടുക്കുമ്പോൾ മറ്റു പല സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളം.
ശരിക്കും പെർഫെക്ട്. ഈ ശക്തികൾക്ക് മൂർച്ച കൂട്ടിയാൽ രാജ്യത്തിനു തന്നെ മാതൃകയാകാവുന്ന തിളക്കമുള്ള സംസ്ഥാനമായി കേരളത്തിന് മാറാനാകും.
(ഫെഡറൽ ബാങ്കിന്റെ
മാനേജിങ് ഡയറക്ടറും
സി.ഇ.ഒ.യുമാണ് ലേഖകൻ)