ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെല്ലാം പണം സംഭാവന നൽകുന്ന സ്വഭാവം ഇപ്പോൾ മലയാളികൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ക്ഷേമത്തിനു നൽകുന്നത് നല്ലതുതന്നെ. അതുകൊണ്ടുതന്നെയാണ് സർക്കാർ ഇത്തരം സംഭാവനകളിൽ ചിലതിന് ആദായ നികുതി ഇളവ് നൽകുന്നത്. 
ശമ്പളവരുമാനക്കാർക്ക് ലഭിക്കുന്ന നികുതിയിളവ് വളരെ പരിമിതമാണെന്നിരിക്കേ സംഭാവനയ്ക്ക് ലഭിക്കുന്ന നികുതിയിളവ് ഓരോരുത്തരും പ്രയോജനപ്പെടുത്തണം. എല്ലാത്തരം സംഭാവനകൾക്കും നികുതിയിളവ് ഇല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 
 അതുപോലെ വസ്ത്രങ്ങളോ, ഭക്ഷണമോ മറ്റുവസ്തുക്കളോ ആണ് നൽകുന്നതെങ്കിൽ അതിന് ഇളവ് ലഭിക്കില്ല എന്നകാര്യവും ഓർക്കുക. 
സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കോ ഫണ്ടുകളിലേക്കോ നൽകുന്ന സംഭാവനകൾക്കാണ് സെക്ഷൻ 80 ജി പ്രകാരം ഇളവ് ലഭിക്കുക. ഇത്തരത്തിലുള്ള സംഭാവനത്തുക നികുതിവിധേയ വരുമാനത്തിൽ നിന്ന് കുറയ്ക്കാം. 
 അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന  നൽകിയാൽ അതിന് 80 ജി.ജി.സി. പ്രകാരം ഇളവ് ലഭിക്കും. അതുപോലെ, പണമായി നൽകാവുന്ന ഇളവിനർഹമായ തുക 2,000 രൂപ മാത്രമാണ്. ഇതിൽ കൂടുതൽ തുക സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അതിന് ഇളവ് ലഭിക്കണമെങ്കിൽ ചെക്കായോ മറ്റ് ബാങ്കിങ് മാർഗങ്ങളിലൂടെയോ നൽകിയതാവണം. 
ചില ഫണ്ടുകളിലേക്ക് നൽകുന്ന സംഭാവനയ്ക്ക് 100 ശതമാനവും ഇളവ് ലഭിക്കും. മറ്റുചില ഫണ്ടുകളിലേക്കുള്ള സംഭാവനയുടെ 50 ശതമാനത്തിനേ ഇളവ് ലഭിക്കൂ. സംഭാവന നൽകിയാൽ രസീത് ചോദിച്ചുവാങ്ങാൻ മറക്കരുത്. ആവശ്യപ്പെടുന്നപക്ഷം ഇളവ് ക്ലെയിം ചെയ്യുന്നവർ തെളിവ് ഹാജരാക്കേണ്ടിവന്നേക്കാം. 

(പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റായ ലേഖകൻ ഇൻഫർമേഷൻ ആൻഡ്‌  പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനാണ്)