ബാങ്കുകളിൽ സ്ഥിരനിക്ഷേപമുണ്ടായിരിക്കെ പണത്തിന്‌ പൊടുന്നനെ ആവശ്യം വന്നാൽ സാധാരണഗതിയിൽ രണ്ടു കാര്യങ്ങളാണ്‌ നാം ചെയ്യുക. ഒന്നും നോക്കാതെ ഫിക്സഡ്‌ ഡെപ്പോസിറ്റ്‌ (എഫ്‌.ഡി.) കാലാവധിയെത്തും മുമ്പ്‌ പിൻവലിച്ച്‌ പണമെടുക്കുകയാണ്‌ അവയിൽ ഒന്നാമത്തേത്‌. കൈയിലുള്ള ഡെപ്പോസിറ്റ്‌ രസീത്‌ അതുപോലെയിരിക്കട്ടെ എന്നു കരുതി ഉയർന്ന പലിശ നിരക്കിലുള്ള ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ചോ വ്യക്തിഗത വായ്പയെടുത്തോ പ്രതിസന്ധി തരണം ചെയ്യുകയാണ്‌ രണ്ടാമത്തേത്‌.

കാലാവധിയെത്തും മുമ്പുള്ള പിൻവലിക്കൽ
നിങ്ങൾ ബാങ്കിൽ പണം മൂന്നുവർഷക്കാലാവധിയിൽ എട്ടുശതമാനം നിരക്കിലാണ്‌ നിക്ഷേപിച്ചതെന്നു കരുതുക. രണ്ടുവർഷവും ആറുമാസവും പിന്നിട്ട ഉടനെയാണ്‌ നിങ്ങൾക്ക്‌ പണത്തിന്‌ ആവശ്യം വരുന്നതെന്നിരിക്കട്ടെ. നിങ്ങൾ ഈ ബാങ്കിൽ നിക്ഷേപം നടത്തിയ ദിവസം, മൂന്നു വർഷക്കാലാവധിക്ക്‌ മുമ്പുള്ള നിക്ഷേപങ്ങൾക്ക്‌ ബാങ്ക്‌ നൽകിയിരുന്ന പലിശ ഏഴ്‌ ശതമാനം ആണെങ്കിൽ മുൻകൂർ പണം പിൻവലിക്കാനുള്ള പിഴപ്പലിശ ഒരുശതമാനം കുറച്ച്‌ (പല ബാങ്കുകളിലും ഇത്തരത്തിൽ മുൻകൂർ പിൻവലിക്കലിന്‌ ഈടാക്കുക ഒരു ശതമാനം പിഴയാണെങ്കിലും ചില ബാങ്കുകളിൽ ഇത്‌ വ്യത്യസ്തമാണെന്നതിനാൽ കൃത്യമായി ചോദിച്ചറിയുക) കേവലം ആറ്‌ ശതമാനം മാത്രമാവും ബാങ്കിൽ പണം കിടന്നിരുന്ന ദിവസങ്ങളിൽ ലഭിക്കുക.

ഡെപ്പോസിറ്റ്‌ രസീതിന്മേൽ വായ്പയെടുത്താൽ
ഇത്തരത്തിലുള്ള വായ്പകൾക്ക്‌, ഡെപ്പോസിറ്റിന്‌ നൽകുന്നതിനേക്കാൾ ഒരു ശതമാനം അധിക പലിശയാണ്‌ ബാങ്കുകൾ ഈടാക്കുക. ചില ബാങ്കുകളിലെങ്കിലും ഈ നിരക്കിലും വ്യത്യാസമുള്ളതിനാൽ ലോണെടുക്കും മുമ്പ്‌ ഇത്‌ ചോദിച്ചറിയുകയോ ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ഒരുലക്ഷം രൂപയുടെ ഡെപ്പോസിറ്റ്‌ രണ്ടരവർഷം പൂർത്തിയായ മുറയ്ക്ക്‌ പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപകന്‌ ലഭിക്കുക, ത്രൈമാസ കൂട്ടുപലിശയിൽ ആറുശതമാനം നിരക്കിൽ 1,09,344 രൂപയായിരിക്കും. ഇതേ ഡെപ്പോസിറ്റ്‌ മൂന്നു വർഷ കാലാവധി പൂർത്തിയായിരുന്നുവെങ്കിൽ ലഭിക്കുമായിരുന്നത്‌ 1,17,166 രൂപയാണ്‌.
 ഇനി ഡെപ്പോസിറ്റിന്മേൽ ലോണെടുക്കുകയാണെങ്കിലോ ഒരുലക്ഷം രൂപയ്ക്ക്‌ കാലാവധി പൂർത്തിയാവാൻ വേണ്ട ആറുമാസത്തേക്ക്‌ ബാങ്ക്‌ ഈടാക്കുക ഒമ്പതുശതമാനം നിരക്കാവും. ലോണെടുക്കുന്ന പക്ഷം പലിശയടക്കം നൽകേണ്ടി വരിക 1,04,585 രൂപയാവും. അതായത്‌, ഡെപ്പോസിറ്റ്‌ മുൻകൂർ പിൻവലിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന നഷ്ടം 7,822 (1,77,166 - 1,09,344) രൂപ ആയിരുന്നെങ്കിൽ ലോണെടുത്തതുമൂലം ഉണ്ടായ നഷ്ടം കേവലം 4,585 രൂപ മാത്രം. ലോണെടുത്തത്‌ കൊണ്ടുണ്ടായ നേട്ടം ഇവിടെ 3,237 രൂപ.

ശ്രദ്ധിക്കേണ്ടത്‌

കാലാവധി പൂർത്തിയാകും മുമ്പ്‌ നിക്ഷേപം പിൻവലിച്ചാൽ ഈടാക്കുന്ന പിഴപ്പലിശ എത്രയെന്നറിഞ്ഞിരിക്കുക. പൂർത്തിയായ കാലാവധിക്ക്‌  നിങ്ങൾ നിക്ഷേപിച്ച ദിവസം ബാങ്ക്‌ നൽകിയിരുന്ന പലിശ എത്രയാണെന്നും അറിയുക. സ്ഥിര നിക്ഷേപങ്ങൾക്ക്‌ ബാങ്കുകൾ ത്രൈമാസ കാലാവധിയിൽ പലിശ നൽകുമ്പോൾ, ലോണിൽ ഇത്‌ പ്രതിമാസമാണെന്നറിയുക. 
ഡെപ്പോസിറ്റ്‌ കാലാവധി കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കുമെങ്കിൽ പലപ്പോഴും മെച്ചം ലോൺ തന്നെയായിരുന്നു. മറിച്ച്‌ സ്ഥിരനിക്ഷേപം നടത്തിയ ഉടൻ പണം ആവശ്യംവരുന്ന പക്ഷം ഡെപ്പോസിറ്റ്‌ മുൻകൂറായി പിൻവലിക്കുന്നതാവും അഭികാമ്യം. ഇനി പ്രതീക്ഷിക്കാത്ത അവസരത്തിൽ വളരെ കുറച്ച്‌ നാളത്തേക്ക്‌ മാത്രമാണ്‌ പണം ആവശ്യം വരുന്നതെങ്കിലോ ? അങ്ങനെയെങ്കിൽ, ഇതേ ഡെപ്പോസിറ്റിന്റെ ഇൗടിന്മേൽ ഒരു ഓവർഡ്രാഫ്‌റ്റ്‌ സൗകര്യം ബാങ്കിൽ നിന്ന്‌ തരപ്പെടുത്താം. പണം ആവശ്യമുള്ള നാളുകളിൽ ഈ അക്കൗണ്ടിൽ നിന്ന്‌ പണം പിൻവലിക്കാനും തിരികെ ഇതേ അക്കൗണ്ടിൽ നിക്ഷേപിക്കാനും ആവുമ്പോൾ, പണം എടുത്ത ദിവസങ്ങളിൽ മാത്രമാവും ഇടപാടുകാരനിൽ നിന്ന് ബാങ്ക്‌ പലിശ ഈടാക്കുക.
 ബിസിനസുകാരോ ഇത്തരം ആവശ്യക്കാരോ ഈയൊരു ആവശ്യം മുൻകൂട്ടി കാണുന്നുണ്ടെങ്കിൽ, ഡെപ്പോസിറ്റ്‌ ചെയ്ത്‌ പിറ്റേന്നാൾ തന്നെ ഈ സൗകര്യം ബാങ്കിൽ നിന്ന്‌ തരപ്പെടുത്താൻ ശ്രദ്ധിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാർജിൻ ആണ്‌. കാലാവധിക്കനുസൃതമായി ഡെപ്പോസിറ്റ്‌ തുകയിൽ നിന്ന് ഒരു നിശ്ചിത മാർജിൻ കിഴിച്ചതിനു ശേഷമുള്ള തുകയാണ്‌ (അഞ്ചു മുതൽ 20 ശതമാനം വരെ) ലോണിനായി പരിഗണിക്കുക. 
 ഡെപ്പോസിറ്റ്‌ കുടുംബാംഗങ്ങളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ പേരിലാണെങ്കിലോ ? മൂന്നാം കക്ഷിയുടെ ഡെപ്പോസിറ്റ്‌ രസീതിന്മേലും ബാങ്ക്‌ ലോൺ നൽകും. അതിന്‌ ഡെപ്പോസിറ്റിന്റെ ഉടമ ലോൺ പേപ്പറുകളിൽ ഒപ്പിടേണ്ടതായി വരും. പലിശ വിവിധ ബാങ്കുകളുടെ നിയമങ്ങൾക്കനുസൃതമായി ഒന്നുമുതൽ രണ്ടുശതമാനം വരെ അധികമായി ഈടാക്കിയേക്കും.

(പ്രമുഖ പൊതുമേഖലാ ബാങ്കിൽഉദ്യോഗസ്ഥനാണ്‌ ലേഖകൻ)